ദേശീയപാതകളിലെ വഴിയോര വിശ്രമകേന്ദ്രം; ചെന്നിത്തലയ്ക്കെതിരെ ആഞ്ഞടിച്ച് സുധാകരൻ

തിരുവനന്തപുരം: ദേശീയപാതകളിലെ വഴിയോര വിശ്രമകേന്ദ്രം അനുവദിക്കുന്നതിൽ അഴിമതിയുണ്ടെന്നാരോപിച്ച രമേശ് ചെന്നിത്തലക്ക് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. ദേശീയപാതയുടെ ഒരു സെന്റ് ഭൂമി പോലും എടുത്തിട്ടില്ല. ദേശീയ പാതയുടെ ഭൂമിയെടുക്കണമെങ്കിൽ ദേശീയ ഹൈവേ അതോറിറ്റിയുടെ അനുവാദം വേണം. പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന്റെ ഞാണ് പൊട്ടിയെന്നും അമ്പൊടിഞ്ഞെന്നും സുധാകരൻ പറഞ്ഞു.

കഴിഞ്ഞ സർക്കാറിന്റെ കാലത്ത് രണ്ട് കമ്പനികളുണ്ടായിരുന്നു ആശ്വാസ്, പ്രതീക്ഷ. എംഎൽഎമാരുടെ ഫണ്ട് അടക്കം ഉപയോഗിച്ച് ഷെൽട്ടർ പണിയുക. എന്നിട്ട് സ്വകാര്യമേഖലക്ക് ടെൻഡർ നൽകുക ഇതായിരുന്നു ചെയ്തിരുന്നത്. പിഡബ്ല്യുഡി റസ്റ്റ് ഹൗസിലെ കാന്റീനും ടെൻഡർ നൽകിയിരുന്നു. ഇതുപോലെ സംസ്ഥാന പാതയിൽ എല്ലാ ആവശ്യവും കഴിഞ്ഞ് ഒഴിഞ്ഞു കിടക്കുന്ന സ്ഥലം ഏറ്റെടുത്ത് വേ സൈഡ് അമിനിറ്റീസ് ഒരുക്കുക എന്ന പദ്ധതിക്കാണ് സ്ഥലം കണ്ടെത്താൻ പറഞ്ഞത്. അങ്ങനെ കണ്ടെത്തിയത് 10 സ്ഥലം മാത്രമാണ്. അതിൽ ദേശീയപാത ഇല്ല.

കണ്ടെത്തിയ സ്ഥലങ്ങളിൽ ഏഴെണ്ണം കെഎസ്ഡിപിയുടെ നിയന്ത്രണത്തിലുള്ളതാണ്. ഏഴെണ്ണവും എംസി റോഡിലാണ്.പൊതുമരാമത്തിന്റേത് മൂന്നെണ്ണം. ഇത് എന്തു ചെയ്യണമെന്ന് ഫയൽ വന്നു. അതിൽ ടെൻഡർ ചെയ്തും നേരിട്ടും ഏജൻസിക്ക് കൊടുക്കാമെന്നാണ് ഫയലിൽ പറയുന്നത്. ഇതിൽ ടെൻഡർ ചെയ്ത് നൽകിയാൽ മതിയെന്നാണ് മുഖ്യമന്ത്രി അഭിപ്രായമെഴുതിയത്.

ധനവകുപ്പും പൊതുമരാമത്ത് വകുപ്പും ഫയൽ അംഗീകരിച്ചു. ടെൻഡർ വിളിച്ചിട്ടുണ്ട്. ടെൻഡർ പൊട്ടിച്ചിട്ടില്ല. ഇതുവരെ ആർക്കും കൊടുത്തിട്ടില്ല. എല്ലാം നിയമാനുസൃതമായിട്ടാണ് ചെയ്തത്. കാര്യമായി പഠിക്കാതെയാണ് ആരോപണം ഉന്നയിച്ചതെന്നും അ​ദ്ദേ​ഹം പറ‍ഞ്ഞു.