എംവി ശ്രേയാംസ് കുമാർ രാജ്യസഭയിലേക്ക്

തിരുവനന്തപുരം: ഇടതുമുന്നണി സ്ഥാനാർഥി എംവി ശ്രേയാംസ് കുമാർ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡൻ്റായ ശ്രേയാംസ് കുമാർ 41-ന് എതിരെ 88 വോട്ടുകൾക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്.

നിയമസഭാ സമ്മേളനത്തിലാണ് വോട്ടെടുപ്പ് നടന്നത്. കർഷക കോൺഗ്രസ് സംസ്ഥാനപ്രസിഡന്റ് ലാൽവർഗീസ് കൽപ്പകവാടിയായിരുന്നു യുഡിഎഫ് സ്ഥാനാർഥി. ഒരു വോട്ട് അസാധുവായി. കേരള കോൺഗ്രസ് ജോസ് വിഭാഗം എംഎൽഎമാരായ റോഷി അഗസ്റ്റിനും എൻ. ജയരാജും വോട്ടെടുപ്പിൽനിന്ന്. വിട്ടുനിന്നു. സിഎഫ്തോമസ് അനാരോഗ്യം മൂലം വോട്ട് ചെയ്തില്ല.

നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണൻ നായർ വരണാധികാരിയും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ടീക്കാറാം മീണ നിരീക്ഷകനുമായിരുന്നു.രാജ്യസഭാംഗമായിരുന്ന എംപി വീരേന്ദ്രകുമാർ അന്തരിച്ചതിനെത്തുടർന്നാണ് രാജ്യസഭാ സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്നത്.

ശ്രേയാംസ് കുമാർ കൽപ്പറ്റ നിയോജകമണ്ഡലത്തിൽനിന്ന് 2006-ലും 2011-ലും എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു.1967 ഏപ്രിൽ 15-ന് എംപി വീരേന്ദ്രകുമാറിന്റെയും ഉഷ വീരേന്ദ്രകുമാറിന്റെയും മകനായി കല്പറ്റയിൽ ജനിച്ച ഇദ്ദേഹം മാതൃഭൂമി മാനേജിങ് ഡയറക്ടറാണ്.