ന്യൂഡല്‍ഹി: നേതൃമാറ്റം ആവശ്യപ്പെട്ടു മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കു കത്ത് എഴുതിയതിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പാര്‍ട്ടി പ്രതിസന്ധി ഘട്ടത്തിലായപ്പോള്‍ നേതൃമാറ്റം ആവശ്യപ്പെട്ടവര്‍ ബിജെപിയുമായി രഹസ്യ ധാരണയുണ്ടാക്കുകയാണ് ചെയ്തതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. കത്ത് അനവസരത്തിൽ ഉള്ളതാണെന്നും രാഹുൽ കുറ്റപ്പെടുത്തി. പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുല്‍ നടത്തിയ പരാമര്‍ശത്തിനെതിരെ കപില്‍ സിബല്‍ പരസ്യമായി രംഗത്തെത്തി. ഗുലാം നബി ആസാദും രാഹുലിന്റെ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.
സോണിയ അസുഖബാധിതയായി കഴിഞ്ഞപ്പോഴാണ് നേതാക്കള്‍ കത്തെഴുതിയതെന്ന് രാഹുല്‍ യോഗത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് രാജസ്ഥാനില്‍ പ്രതിസന്ധി നേരിട്ട ഘട്ടത്തിലായിരുന്നു അത്. അത്തരമൊരു അവസ്ഥയില്‍ ഇങ്ങനെയൊരു കത്തെഴുതിയത് ഉചിതമായില്ല. മാധ്യമങ്ങളിലൂടെയല്ല, പ്രവര്‍ത്തകസമിതി ചേര്‍ന്നാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. കത്ത് എഴുതിയവര്‍ ബിജപിയുമായി രഹസ്യധാരണയുണ്ടാക്കുകയാണ് ചെയ്തത്” – രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു.
ബിജെപിയുമായി രഹസ്യ ധാരണയുണ്ടാക്കിയെന്നു രാഹുല്‍ യോഗത്തില്‍ പറഞ്ഞതു പരാമര്‍ശിച്ച് കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു. രാജസ്ഥാന്‍ ഹൈക്കോടതിയില്‍ കോണ്‍ഗ്രസിന്റെ പക്ഷം പറയുന്നതില്‍ താന്‍ വിജയിച്ചു, മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിനെ താഴെയിറക്കി, കഴിഞ്ഞ മുപ്പതു വര്‍ഷമായി ഒരു വരിപോലും ബിജെപിയെ അനുകൂലിച്ചു പറഞ്ഞിട്ടില്ല, എന്നിട്ടും ബിജെപിയുമായി ധാരണുണ്ടാക്കി എന്നാണ് പറയുന്നതെന്ന് സിബല്‍ ട്വീറ്റ് ചെയ്തു.
കത്തിനു പിന്നില്‍ ബിജെപിയെന്നു തെളിയിച്ചാല്‍ പാര്‍ട്ടിയില്‍നിന്നു രാജിവയ്ക്കാന്‍ തയാറാണെന്ന് ഗുലാം നബി ആസാദ് യോഗത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയുന്നതായി സോണിയാഗാന്ധി പ്രവര്‍ത്തകസമിതി യോഗത്തില്‍ അറിയിച്ചു. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ ആരംഭിക്കാനും സോണിയഗാന്ധി യോഗത്തില്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് സംഘടാന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് യോഗത്തില്‍ സോണിയ ഇക്കാര്യം വ്യക്തമാക്കി കത്തു നല്‍കിയതായി അറിയിച്ചത്. പാര്‍ട്ടിയില്‍ സ്ഥിരം അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് 23 ഓളം മുതിര്‍ന്ന നേതാക്കള്‍ കത്തുനല്‍കിയ സാഹചര്യത്തിലാണ് സോണിയ നിലപാട് വ്യക്തമാക്കിയത്.
യോഗത്തില്‍ സംസാരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സോണിയ അധ്യക്ഷ പദത്തില്‍ തുടരണമെന്ന് ആവശ്യപ്പെട്ടു. പാര്‍ട്ടിയില്‍ ഇപ്പോള്‍ നേതൃമാറ്റം ആവശ്യമില്ലെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. അതേസമയം കത്തെഴുതിയ വിമത നേതാക്കളുടെ നടപടിയെക്കുറിച്ച് മന്‍മോഹന്‍സിങ് പരാമര്‍ശിച്ചില്ല.
രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് പദം ഏറ്റെടുക്കണമെന്ന് എ കെ ആന്റണി ആവശ്യപ്പെട്ടു. രാജ്യത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ പൊതുവായ വികാരം ഇതാണ്. രാഹുല്‍ സ്ഥാനമേറ്റെടുക്കുന്നതുവരെ സോണിയ അധ്യക്ഷയായി തുടരണം. ഒറ്റക്കെട്ടായി മുന്നോട്ടുപോകേണ്ട സന്ദര്‍ഭത്തില്‍ ഇത്തരമൊരു കത്തെഴുതിയത് ക്രൂരമാണെന്നും, പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന നടപടിയായിപ്പോയെന്നും ആന്റണി പറഞ്ഞു.
കത്തെഴുതിയ നടപടിയെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും വിമര്‍ശിച്ചു.