പിപിഇ കിറ്റും തെർമോ മീറ്ററും വാങ്ങുന്നതിൽ അഴിമതി; സർക്കാരിനെതിരെ എം കെ മുനീർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീർ. കൊറോണയെ തുടർന്ന് പിപിഇ കിറ്റും തെർമോ മീറ്ററും വാങ്ങുന്നതിലാണ് മുനീർ അഴിമതി ആരോപിച്ചത്. പിപിഇ കിറ്റ് വാങ്ങാൻ 300 കോടി രൂപ മെഡിക്കൽ സർവീസ് കോർപ്പറേഷന് കൊടുത്തു. 300 രൂപയ്ക്ക് കിട്ടുന്ന കിറ്റ് 1550 രൂപയ്ക്കാണ് വാങ്ങിയതെന്നും അദ്ദേഹം രേഖമൂലം ആരോപണം ഉന്നയിച്ചു.

കൊറോണയുടെ മറവിൽ തീവെട്ടിക്കൊള്ളയാണ് സംസ്ഥാനത്ത് നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അടിയന്തിര സാഹചര്യമായതിനാൽ ടെണ്ടർ നോക്കാതെ നൽകുകയാണെന്നായിരുന്നു വിശദീകരണം. ഇതിന് പുറമെ ഇൻഫ്രാ റെഡ് തോർമോ മീറ്റർ വാങ്ങിയതിലും ക്രമക്കേട് ഉണ്ടെന്നാണ് ആരോപണം. ഇത് വാങ്ങിയത് 5000 രൂപ വീതം ചെലവാക്കിയാണ്. എന്നാൽ പൊതുവിപണിയിൽ 1999 രൂപ മാത്രമാണ് വില.

മുഖ്യമന്ത്രിക്ക് വിജയൻ എന്ന പേര് പരാജയത്തിനാണെന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീർ. അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അലന്റെയും താഹയുടെയും കുടുംബം ശപിച്ചിട്ടുണ്ടെങ്കിൽ ആ ശാപം ഏറ്റിരിക്കുന്നത് കൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ എൻഐഎ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഏത് അന്വേഷണം വന്നാലും കുഴപ്പമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം തന്നെയാണ് എൻഐഎയെ വിളിച്ചുവരുത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലും അധികാര ഇടനാഴിയിലും സ്വപ്ന സുരേഷിന് സ്വാധീനമുണ്ടെന്ന് എൻഫോഴ്സ്മെന്റ് വാദിച്ചു. ശിവശങ്കർ എന്ന വ്യക്തിയെ മുഖ്യമന്ത്രി പലപ്പോഴും ന്യായീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നടക്കുന്ന കാര്യങ്ങളൊന്നും മുഖ്യമന്ത്രി അറിയുന്നില്ലേയെന്നും എംകെ മുനീർ ചോദിച്ചു.