മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകിയും നടിയുമായ റിയ ചക്രവർത്തിക്കും പിതാവിനും സിബിഐ സമൻസ് അയച്ചു. എന്നാൽ റിയക്കോ കുടുംബത്തിനോ സിബിഐ യുടെ സമൻസ് ലഭിച്ചിട്ടില്ലെന്ന് റിയയുടെ അഭിഭാഷകൻ അറിയിച്ചു. സമൻസ് ലഭിക്കുന്ന പക്ഷം സിബിഐ യുടെ മുന്നിൽ ഹാജരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്നും ആരോപിച്ച് സുശാന്തിന്റെ കുടുംബം റിയക്കേതിരെ പാട്നയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
സുശന്തിന്റെ അക്കൗണ്ടിൽ നിന്നും റിയ കോടികൾ എടുത്തു എന്നാണ് സുശാന്തിന്റെ പിതാവിന്റെ ആരോപണം. ഇതിനെ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ടു തവണ റിയയെ ചോദ്യം ചെയ്തിരുന്നു. കേസിന്റെ ഭാഗമായി സുശാന്തിന്റെ പാചകക്കാരൻ നീരജ്, സുശാന്തിനൊപ്പം താമസിച്ചിരുന്ന സിദ്ധാർഥ് പിത്താനി എന്നിവരെ ഞായറാഴ്ച സിബിഐ ചോദ്യം ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ഫോറൻസിക് വിദഗ്ധ സങ്കത്തോടൊപ്പം സിബിഐ അദ്ദേഹത്തിന്റെ ഫ്ളാറ്റിൽ പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടു പോയ കൂപ്പർ ആശുപത്രിയിലും സിബിഐ സംഘം എത്തി. അതേസമയം കേസിന്റെ വിവിധ വശങ്ങൾ പരിശോധിക്കുന്ന അഞ്ച് ടീമുകളെ സിബിഐ രൂപീകരിച്ചു. മുംബൈ പൊലീസുമായും കേസിന്റെ ചുമതലയുള്ള ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുമായും (ഡിസിപി) ഏകോപിച്ചായിരിക്കും അന്വേഷണം.