ന്യൂഡെൽഹി: നേതൃമാറ്റം ആവശ്യപ്പെട്ട് കത്ത് നൽകിയവർ ബിജെപിയുമായി കൂട്ട് ചേർന്ന് ആലോചന നടത്തിയെന്ന് താൻ പരാമർശിച്ചിട്ടില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയതോടെ മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ ട്വീറ്റ് പിൻവലിച്ചു.
അത്തരമൊരു പരാമർശം നടത്തിയിട്ടില്ലെന്ന് രാഹുൽ ഗാന്ധി അറിയിച്ചതിനാൽ ട്വീറ്റ് പിൻവലിക്കുകയാണെന്നാണ് കപിൽ സിബൽ വ്യക്തമാക്കിയത്. കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് നേതാക്കൾ കത്തെഴുതിയതിനെതിരെ കോൺഗ്രസ് പ്രവർത്തക സമിതിയോഗത്തിൽ രാഹുൽ ഗാന്ധി രൂക്ഷവിമർശനം ഉന്നയിച്ചുവെന്നാണ് വ്യാപകമായി പ്രചരിച്ചത്. കത്തയച്ചവർ ബിജെപിയുമായി രഹസ്യധാരണയിൽ പ്രവർത്തിക്കുന്നുവെന്നായിരുന്നു രാഹുലിന്റെതായി വന്ന വിമർശനം.
ഇതിനു പിന്നാലെയാണ് കപിൽ സിബൽ രാഹുലിനെതിരെ ട്വീറ്റ് ചെയ്തത്. “ഞങ്ങൾ ബിജെപിയുമായി രഹസ്യധാരണയിൽ പ്രവർത്തിക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറയുന്നു. രാജസ്ഥാൻ ഹൈക്കോടതിയിൽ പാർട്ടിയെ പ്രതിരോധിക്കുന്നതിൽ വിജയിച്ചു. മിസോറമിൽ ബിജെപി സർക്കാരിനെ താഴെയിറക്കാൻ പാർട്ടിക്കൊപ്പം നിന്നു. കഴിഞ്ഞ മുപ്പതു വർഷത്തിനിടെ ഒരു വിഷയത്തിൽ പോലും ബിജെപിക്ക് അനുകൂലമായി സംസാരിച്ചിട്ടില്ല. എന്നിട്ടും പറയുന്നു- ഞങ്ങൾ ബിജെപിയുമായി രഹസ്യധാരണയിൽ ചേർന്ന് പ്രവർത്തിക്കുന്നുവെന്ന് ” ഇതായിരുന്നു കപിൽ സിബലിന്റെ ട്വീറ്റ്.
കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ പങ്കെടുത്ത അംഗങ്ങൾ സോണിയ ഗാന്ധിയുടെ നേത്യത്വത്തിൽ വിശ്വാസം രേഖപ്പെടുത്തുകയും സ്ഥിരം പ്രസിഡൻ്റിനെ കണ്ടെത്തുന്നതു വരെ തുടരണമെന്ന് അഭ്യർഥിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.