അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചില്ലെങ്കിൽ ജോസ് വിഭാഗത്തിനെതിരേ നടപടിയെന്ന് യുഡിഎഫ്; വിട്ടു നിൽക്കുമെന്ന് ജോസ് ; ജോസഫ് വിഭാഗത്തിൻ്റെ മുറികൾക്ക് മുന്നിൽ പോസ്റ്റർ

കൊച്ചി: പിണറായി വിജയൻ സർക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചില്ലെങ്കിൽ കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിനെതിരേ നടപടി സ്വീകരിക്കുമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാൻ. എന്നാൽ അവിശ്വാസപ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്നും രാജ്യസഭാ വോട്ടിങ്ങിൽ നിന്നും വിട്ടുനിൽക്കുമെന്നും അവിശ്വസപ്രമേയ ചർച്ചയിൽ സ്വതന്ത്രനിലപാട് സ്വീകരിക്കുമെന്നും ആവർത്തിച്ച് ജോസ് കെ മാണിയും.

നാളെയാണ് അവിശ്വാസ ചർച്ച. എംഎൽഎ മാർ ഇന്ന് വൈകുന്നേരത്തോടെ എത്താനിരിക്കെ, എംഎൽഎ ഹോസ്റ്റലിൽ ജോസഫ് വിഭാഗത്തെ എംഎൽഎമാരുടെ മുറികളുടെ വാതിലിൽ മുന്നിൽ ജോസ് വിഭാഗം നോട്ടീസ് പതിച്ചത് വിവാദമായി. ഇതിനെതിരേ സ്പീക്കർക്ക് പരാതി നൽകുമെന്ന് ജോസഫ് വിഭാഗം നേതാക്കൾ അറിയിച്ചു.

ഇതോടെ അവിശ്വാസ പ്രമേയത്തെ ചൊല്ലി കേരളാ കോൺഗ്രസ് ജോസ് ജോസഫ് വിഭാഗങ്ങൾ തുറന്ന ഏറ്റുമുട്ടലിന് ഒരുങ്ങിക്കഴിഞ്ഞു. പുതിയ സംഭവ വികാസങ്ങളോടെ ജോസ് വിഭാഗവും യു ഡി എഫും തമ്മിൽ കൂടുതൽ അകലാനാണ് സാധ്യതയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

അച്ചടക്കലംഘനത്തിനാണ് ഇപ്പോൾ കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. വീണ്ടും ഇത് ആവർത്തിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്ന് ബെന്നി ബഹന്നാൻ മുന്നറിയിപ്പ് നൽകുന്നു. അവിശ്വാസപ്രമേയത്തെ അനുകൂലിച്ചാൽ മുന്നണിയിൽ തിരിച്ചെടുക്കുന്ന കാര്യം ചർച്ച ചെയ്യുമെന്നും കൺവീനർ പറഞ്ഞു. യുഡിഎഫിന്റെ തീരുമാനം ഉൾക്കൊള്ളാൻ മുന്നണിയിലെ അംഗമെന്ന നിലയിൽ കേരള കോൺഗ്രസിന് ബാധ്യത ഉണ്ട്.

നേരത്തെ യുഡിഎഫ് തീരുമാനം അംഗീകരിക്കാൻ ജോസ് കെ മാണി വിഭാഗം തയ്യാറായില്ല. മുന്നണിയിൽ തുടരാനുള്ള ധാർമികത അതുകൊണ്ടു തന്നെ അവർക്കില്ലെന്നതിനാലാണ് മാറ്റിനിർത്തിയിരിക്കുന്നത്. ഇപ്പോൾ സർക്കാരിനെതിരെ യുഡിഎഫ് ഒറ്റക്കെട്ടായി നിന്നുകൊണ്ടാണ് അവിശ്വാസപ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചത്. അതിൽ വീണ്ടും നിസ്സഹകരിക്കാനാണ് തീരുമാനമെങ്കിൽ അനന്തരനടപടികൾ യുഡിഎഫ് ആലോചിച്ച് തീരുമാനിക്കുമെന്ന് ബെന്നി ബഹന്നാൻ മുന്നറിയിപ്പ് നൽകി. അവിശ്വാസപ്രമേയ കാര്യത്തിൽ യുഡിഎഫ് തീരുമാനത്തിന് എതിര് നിൽക്കുന്നത് ഗുരുതരമായ അച്ചടക്ക ലംഘനമാണ്. നടപടിയുടെ കാര്യത്തിൽ വിട്ടുവീഴ്ച ഉണ്ടാവില്ല.

അതേ സമയം പിജെ ജോസഫ് വിഭാഗം നൽകിയ വിപ്പ് അംഗീകരിക്കില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. പാർട്ടി എംഎൽഎമാർക്ക് വിപ്പ് നൽകാനുള്ള അധികാരം റോഷി അഗസ്റ്റിനാണ്. ഐക്യ മുന്നണിയിൽ നിന്ന് പുറത്താക്കിയതാണെന്നും അതിനാൽ മുന്നണിക്ക് നടപടി സ്വീകരിക്കാൻ സാധിക്കില്ലെന്നും ജോസ് കെ. മാണി അഭിപ്രായപ്പെട്ടു.

അതേസമയം വിപ്പ് നൽകാനുള്ള അധികാരം അധികാരം മോൻസ് ജോസഫിനാണെന്ന് പിജെ ജോസഫും അഭിപ്രായപ്പെട്ടു.
അവിശ്വാസപ്രമേയത്തിൽ പങ്കെടുക്കണമെന്നും രാജ്യസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ട് കേരള കോൺഗ്രസിലെ 5 എംഎൽഎമാർക്കും വിപ്പ് നൽകിയിട്ടുണ്ട്. ജോസ് വിഭാഗത്തിലെ എംഎൽഎമാരും ഈ വിപ്പ് പാലിക്കണം. ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ജോസഫ് പറഞ്ഞു.