സോണിയാഗാന്ധി ചുമതല ഒഴിയുന്നു; എകെ ആൻ്റണി എഐസിസി പ്രസിഡൻ്റാകാൻ സാധ്യത

ഉണ്ണിക്കുറുപ്പ്

ന്യൂഡെൽഹി: കോൺഗ്രസിന് സ്ഥിരം അധ്യക്ഷനെ വേണമെന്ന ആവശ്യം നാളെ ചേരുന്ന പ്രവർത്തക സമിതി ചർച്ച ചെയ്യാനിരിക്കെ സോണിയാ ഗാന്ധി ഇടക്കാല കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനം ഒഴിയുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്കയും പാർട്ടി പ്രസിഡൻ്റാകാൻ ഇല്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.നിലവിലെ സാഹചര്യത്തിൽ സോണിയാ ഗാന്ധി തന്നെ സ്ഥിരം പാർട്ടി അധ്യക്ഷയായി തുടരണമെന്ന ആവശ്യം ശക്തമായിരുന്നു.

രാജ്യം കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ പ്രധാന പ്രതിപക്ഷ കക്ഷിയെന്ന നിലയിൽ കോൺഗ്രസിനെ നയിക്കാൻ ശക്തമായ നേതൃത്വം ഉണ്ടാകണമെന്നതാണ് സോണിയാ ഗാന്ധി സ്ഥിരം അധ്യക്ഷ സ്ഥാനത്ത് വേണമെന്ന ഒരു വിഭാഗം നേതാക്കളുടെ ആവശ്യത്തിന് പിന്നിൽ. എന്നാൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സോണിയ വിസമ്മതം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് സ്ഥാനം ഒഴിയാൻ തീരുമാനിച്ചതെന്ന് അറിയുന്നു. നേതൃത്വത്തിലേക്ക് വരാൻ മാനസീകമായി എതിർപ്പില്ലെങ്കിലും പദവി ഏറ്റെടുക്കാൻ ആരോഗ്യനില തടസമാണെന്ന കാര്യം ഇവർ വിശ്വസ്തരെ അറിയിച്ചു കഴിഞ്ഞു. സോണിയാ ഗാന്ധി ഏറെ താമസിയാതെ, കഴിയുന്നതും നാളെ തന്നെ പാർട്ടിയുടെ ഇടക്കാല അധ്യക്ഷ സ്ഥാനമൊഴിയുമെന്ന് ഉറപ്പായിട്ടുണ്ട്.

ഇത് വ്യക്തമാക്കിയാണ് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് പാർട്ടിക്ക് അധ്യക്ഷനുണ്ടാകണമെന്ന് ഒരാഴ്ച മുമ്പേ രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടത്. പ്രിയങ്കയും ഇതിനെ പിന്തുണച്ചിരുന്നു. നാളെ രാവിലെ 11ന് ഓൺലൈനിലൂടെയാണ് കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേരുന്നത്. അതേ സമയം ഗാന്ധി കുടുംബത്തിൽ നിന്ന് പ്രസിഡൻറ് ഉണ്ടാകണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് അഭിപ്രായപ്പെട്ടു.

മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംഗിൻ്റെയും സീനിയർ പ്രവർത്തക സമിതി അംഗം എ കെ ആൻ്റണിയുടെയും പേരുകളാണ് അധ്യക്ഷ പദവിയിലേക്ക് പ്രധാനമായി പാർട്ടി നേതാക്കൾ പരിഗണിക്കുന്നത്. ഇതു സംബന്ധിച്ച് അനൗദ്യോഗിക ചർച്ചകൾ പുരോഗമിച്ചു കഴിഞ്ഞു. ഭരണാധികാരിയെന്ന നിലയിൽ മൻമോഹൻ സിംഗ് കഴിവുതെളിയിച്ചിട്ടുണ്ടെങ്കിലും സംഘാടകൻ എന്ന നിലയിൽ എത്രത്തോളം വിജയിക്കുമെന്ന സംശയം ചില നേതാക്കൾക്കുണ്ട്. പാർട്ടി അധ്യക്ഷ പദവി ഏറ്റെടുക്കാൻ മൻമോഹൻ സിംഗിന് താൽപര്യം കുറവാണെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നു.

മുതിർന്ന നേതാവെന്ന നിലയിൽ എകെ ആൻ്റണി എഐസിസി പ്രസിഡൻ്റാകാനാണ് സാധ്യത. ആൻ്റണി നേതാക്കൾക്കെല്ലാം സ്വീകാര്യനാണ്. മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയെന്ന നിലയിൽ നേടിയെടുത്ത ക്ലീൻ ഇമേജും ആൻ്റണിയെ ശക്തനാക്കുന്നു. വിവിധ സംസ്ഥാനങ്ങളിലെ പാർട്ടി കാര്യങ്ങൾ നിരന്തരം കൈകാര്യം ചെയ്യുന്നതിന് മേൽനോട്ടം വഹിക്കുന്നതിനാൽ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് വരാൻ സർവ്വഥായോഗ്യൻ അദ്ദേഹമാണെന്ന ചർച്ചകളാണ് മുന്നേറുന്നത്. പാർട്ടിയിലെ മറ്റു നേതാക്കളുമായി അഭിപ്രായ വ്യത്യാസമില്ലെന്നതും ആൻ്റണിയ്ക്ക് അനുകൂലമാണ്. അധ്യക്ഷ പദവി ആൻണി ആഗ്രഹിക്കുന്നില്ലെങ്കിലും വ്യാപകമായി അംഗീകാരമുള്ള മറ്റൊരു നേതാവില്ലാത്തതിനാൽ ഏറ്റെടുക്കേണ്ടി വരാനാണ് സാധ്യത.

പാർട്ടിയിൽ തല മുതിർന്ന നേതാക്കളല്ലാതെ പൊതു സ്വീകാര്യതയും കഴിവുമുള്ളവരുടെ അഭാവം കോൺഗ്രസിന് കാര്യക്ഷമമായ പ്രവർത്തനത്തിന് വിലങ്ങുതടിയായിട്ടുണ്ട്. ദേശീയ കാഴ്ചപ്പാടും സംഘടനാ പാടവവും ഉള്ള ചുറുക്കുള്ള നേതൃത്വത്തിൻ്റെ അഭാവം കോൺഗ്രസിൻ്റെ ശക്തി ക്ഷയിപ്പിക്കുന്നതായി നേതാക്കൾ വിലയിരുത്തുന്നു.

അതേ സമയം പാർട്ടി അധ്യക്ഷ പദവി സംബന്ധിച്ച് നാളെ തന്നെ തീരുമാനം ഉണ്ടാകണമെന്ന നിലപാടിലാണ് ഭൂരിപക്ഷം നേതാക്കളും. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഉപസമിതിയെ ചുമതലപ്പെടുത്തുന്നതും ആലോചനയിലുണ്ട്.

കോൺഗ്രസിന് പൂർണ്ണസമയ നേതൃത്വവും അടിമുടി മാറ്റവും ആവശ്യപ്പെട്ട് മുതിർന്ന 23 നേതാക്കൾ ഇടക്കാല പ്രസിഡൻ്റ് സോണിയാ ഗാന്ധിക്ക് കത്ത് നൽകിയിരുന്ന സാഹചര്യത്തിലാണ് ചർച്ചകൾ പുതിയ വഴിത്തിരിവിൽ എത്തിയിരിക്കുന്നത്.

മുതിർന്ന നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ, കപിൽ സിബൽ, ശശി തരൂർ, പിജെ കുര്യൻ, മനീഷ് തിവാരി, രാജ് ബബ്ബാർ, അരവിന്ദർ സിംഗ് ലൗലി, സന്ദീപ് ദീക്ഷിത്, മിലിന്ദ് ദിയോറ, ജിതിൻ പ്രസാദ,മുൻ മുഖ്യമന്ത്രിമാരായ ഭൂപീന്ദർ സിംഗ് ഹൂഡ, പൃഥ്വിരാജ് ചവാൻ തുടങ്ങിയവരാണ് കത്തിൽ ഒപ്പിട്ടിരിരുന്നത്.

കഴിഞ്ഞ കാലങ്ങളിലെ പാർട്ടിയുടെ തോൽവിയിൽ തുറന്ന മനസ്സോടെ പഠിക്കണമെന്നും കത്തില്‍ പറയുന്നു. ആരെങ്കിലും ഒരാളുടെ മാത്രം കുഴപ്പം കൊണ്ടല്ല പാർട്ടിക്ക് മുന്നേറാൻ കഴിയാഞ്ഞതെന്നാണ് നേതാക്കളുടെ അഭിപ്രായം. കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേ അഭിപ്രായം സ്വരൂപിക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല. നിരവധി അനുകൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും പ്രയോജനപ്പെടുത്താൻ കഴിയാത്തത് കൂട്ടായ ആലോചനയും പ്രവർത്തനവും ഇല്ലാത്തതുമാണെന്ന് ഇവർക്ക് ആക്ഷേപമുണ്ട്.

മധ്യപ്രദേശിൽ സംസ്ഥാനഭരണം ലഭിച്ചിട്ടും അത് നഷ്ടമാക്കിയത് സംഘടനാ സംവിധാനത്തിലെ പോരായ്മായി നേതാക്കൾ വിലയിരുത്തുന്നു. രാജസ്ഥാനിലേതുപോലെ നേത്യത്വം മധ്യപ്രദേശ് കോൺഗ്രസ് ഘടകത്തിന് വേണ്ട പിന്തുണയും മാർഗ നിർദേശവും നൽകിയിരുന്നെങ്കിൽ ബിജെപിയിലേക്ക് പാർട്ടിയിൽ നിന്ന് ഒഴുക്ക് ഉണ്ടാകില്ലായിരുന്നുവെന്ന് തഴയപ്പെട്ട ചില കേന്ദ്ര നേതാക്കൾക്ക് അഭിപ്രായമുണ്ട്.

ആറ് ആവശ്യങ്ങളാണ് കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സംഘടന തെരഞ്ഞെടുപ്പ് സുതാര്യമാക്കാൻ സ്വതന്ത്ര്യ അതോറിറ്റി വേണം. ഭരണഘടന പ്രകാരം എഐസിസി വരെ തെരഞ്ഞെടുപ്പ് നടത്തണമെന്നും പാർട്ടി വിട്ടവരെ തിരിച്ചെടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. പാർലമെന്‍റി ബോർഡ് രൂപീകരിക്കണം എന്നാവശ്യവും നേതാക്കൾ കത്തിൽ ഉന്നയിക്കുന്നുണ്ട്. എഐസിസിയിലും പിസിസിയിലും മുഴുവൻ സമയ അധ്യക്ഷൻ വേണം എന്നാണ് മറ്റൊരു പ്രധാന ആവശ്യം.