കൈലാസിയൻ ഡോളർ പുറത്തിറക്കി വിവാദ ആൾദൈവം നിത്യാനന്ദ

ലക്നൗ: വിവാദ ആൾദൈവം നിത്യാനന്ദ തന്റെ രാജ്യത്തെ നാണയങ്ങൾ പുറത്തിറക്കി. പൂർണമായും സ്വർണത്തിൽ തീർത്ത നാണയങ്ങൾ കൈലാസിയൻ ഡോളർ എന്നാണ് അറിയപ്പെടുക എന്ന് മുൻപ് വ്യക്തമാക്കിയിരുന്നു. ഫെയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലാണ് രാജ്യത്തെ കറൻസിയുടെ രൂപം വെളിപ്പെടുത്തിയത്.

ഒരു സ്വർണമുദ്രയിൽ 11.66 ഗ്രാമോളം സ്വർണമാണ് ഉണ്ടാകുക. കാൽകാസ്, അരക്കാസ്, ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, പത്ത് കാസുകളുണ്ടാകും. ഇതിന്‍റെ അച്ചടി അടക്കം എല്ലാം പൂർത്തിയായിരിക്കുകയാണ്. വിനായക ചതുർഥി ദിനമായ ഇന്നാണ് നാണയങ്ങൾ പുറത്തിറക്കിയത്.

സംസ്കൃതത്തിൽ കൈലാസ നാണയത്തിന്റെ പേര് സ്വർണമുദ്ര അഥവാ സ്വർണ പുഷ്പം എന്നായിരിക്കും. ഇംഗ്ലിഷിൽ കൈലാസിയൻ ഡോളർ എന്ന് അറിയപ്പെടും. തമിഴിൽ പൊർകാസ് എന്ന് അറിയപ്പെടും. തന്റെ രാജ്യമായ കൈലാസത്തില്‍ ‘ഹിന്ദു നിക്ഷേപവും റിസര്‍വ് ബാങ്കും’ ആരംഭിക്കുമെന്ന് നേരത്തെ തന്നെ നിത്യാനന്ദ പ്രഖ്യാപിച്ചിരുന്നു.