അദാനി എത്തിയപ്പോള്‍ പിണറായിയും കോടിയേരിയുമെല്ലാം സ്വീകരിക്കാന്‍ മല്‍സരം; പിണറായി ശരിക്കും കുമ്പിടി: കെ സുരേന്ദ്രന്‍

തിരുവനന്തപുരം : അദാനിക്കെതിരെ സമരം ചെയ്യുമ്പോള്‍ തന്നെ അദാനിയുടെ ഭാര്യയ്ക്ക് പണം നല്‍കിയ പിണറായി വിജയന്‍ ശരിക്കും കുമ്പിടി തന്നെയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. വിമാനത്താവളം പിടിക്കാന്‍ കണ്‍സള്‍ട്ടന്‍സിക്കായി 55 ലക്ഷം രൂപ നല്‍കിയത് അദാനിയുടെ മകന്റെ ഭാര്യയുടെ കമ്പനിക്കാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിലും സംഭവിച്ചത് ഇതുതന്നെയെന്ന് അദ്ദേഹം പറഞ്ഞു.

അന്ന് അദാനിക്കെതിരെ സമരം ചെയ്ത സിപിഎം നേതാക്കള്‍ അദാനി എത്തിയപ്പോള്‍ പിണറായിയും കോടിയേരിയുമെല്ലാം സ്വീകരിക്കാന്‍ മല്‍സരിക്കുകയായിരുന്നു. വിമാനത്താവളം കോംപ്ലിമെന്റ്‌സാക്കാനാണ് ഈ ബഹളം മുഴുവന്‍ വെക്കുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ വന്‍ അഴിമതിയാണ് നടന്നിട്ടുള്ളത്. 20 കോടി രൂപയുടേതാണ് റെഡ് ക്രസന്റുമായുള്ള കരാര്‍. ഇതില്‍ 4.50 കോടിയോളം കമ്മീഷനായി തട്ടിപ്പുസംഘത്തിന് നല്‍കി. 3 കോടി 60 ലക്ഷം രൂപ ജിഎസ്ടിയായും അടച്ചുവെന്നാണ് പറയപ്പെടുന്നത്. എട്ടുകോടി രൂപയോളമാണ് അങ്ങനെ പോയത്.

ഏറ്റവും നൂതനമായ കെട്ടിട നിര്‍മ്മാണ രീതി അവലംബിക്കാന്‍ വേണ്ടിയാണ് എന്നാണ് തട്ടിപ്പുസംഘത്തിന് കരാര്‍ കൊടുക്കാന്‍ സര്‍ക്കാര്‍ പറഞ്ഞ ന്യായം. എന്നാല്‍ ഏറ്റവും മോശമായ കെട്ടിടനിര്‍മ്മാണമാണ് അവിടെ നടക്കുന്നതെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. നേരത്തെ ഉരുള്‍പൊട്ടലും പാരിസ്ഥിതിക പ്രശ്‌നങ്ങളുമുണ്ടായ സ്ഥലത്ത് ശാസ്ത്രീയമായ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെയാണ് നിര്‍മ്മാണം നടത്തുന്നത്.

ഈ കൊള്ള മുഖ്യമന്ത്രി കൂടി അറിഞ്ഞുകൊണ്ടുള്ളതാണ്. യൂണിടാക്കും സ്വപ്‌നയും സരിത്തും ശിവശങ്കരനും മാത്രമല്ല, പിണറായി വിജയനും നേരിട്ട് അറിഞ്ഞുകൊണ്ടുള്ള അഴിമതിയാണ്. കൊള്ളപ്പണത്തിന്റെ വലിയൊരു പങ്ക് മുഖ്യമന്ത്രിയുമായി വളരെ അടുപ്പമുള്ളവര്‍ക്കാണ് പോയിട്ടുള്ളത്. അതുകൊണ്ടാണ് അന്വേഷണം നടത്താത്തതെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് നാളെ തിരുവനന്തപുരത്ത് നിരാഹാരം അനുഷ്ഠിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.