കൊല്ലം: ജില്ല കൂടുതൽ കൊറോണ ആശങ്കയിലേക്ക് കടക്കുകയാണ്. കൊല്ലം വെള്ളിമണ്ണിൽ വിവാഹത്തിൽ പങ്കെടുത്ത 17 പേർക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. നേരത്തെ ഇവിടെ നാലുപേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് 17 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ശക്തികുളങ്ങര ഹാർബറിലും ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കൊറോണ മുൻ കരുതലുകളുടെ ഭാഗമായി നീണ്ടകര ഹാർബർ രണ്ടു ദിവസത്തേക്ക് അടച്ചു. ജില്ലാ ഉന്നതതല യോഗത്തിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ജില്ലാ കളക്ടർ ബി.അബ്ദുൽ നാസർ, പൊലീസ് മേധാവികൾ എന്നിവരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. അടഞ്ഞുകിടക്കുന്ന ശക്തികുളങ്ങര ഹാർബർ അണു മുക്തമാക്കിയ ശേഷം രണ്ടു ദിവസത്തിനകം തുറക്കും.
ഹാർബറുകളിൽ തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചതിനാലാണ് നടപടി. ഹാർബറുകൾ തുറക്കുമ്പോൾ കൂടുതൽ കൗണ്ടറുകൾ തുറക്കും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുമെന്നും ആവശ്യമായ അധികം ഉദ്യോഗസ്ഥർക്ക് ചുമതലകൾ നൽകുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.