കൊച്ചി: സ്വർണക്കടത്തിൽ എൻഫോഴ്സ്മെന്റ് രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്ന സുരേഷിന് ജാമ്യം നിഷേധിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. രാജ്യത്തും വിദേശത്തും ഉന്നത സ്വാധീനമുള്ള വ്യക്തികൾ ഉൾപ്പെട്ട കേസാണിത്. അതുകൊണ്ട് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഉന്നതതല ബന്ധങ്ങൾ പരിശോധിക്കണമെന്നും കോടതി നിരീക്ഷിച്ചു.
കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതി സ്വപ്നസുരേഷിനെതിരേ കൃത്യമായ തെളിവുകളുണ്ടെന്ന് എൻഫോഴ്സ്മെന്റ് കോടതിയിൽ വ്യക്തമാക്കിയിരുന്നു.
ശിവശങ്കറുമായുള്ള ഇടപാടുകളെ സംബന്ധിച്ച് കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് സ്വപ്നയുടെ ജാമ്യഹർജിക്കെതിരേ എൻഫോഴ്സ്മെന്റ് കോടതിയിൽ വ്യക്തമാക്കി.
അതേസമയം എം ശിവശങ്കറിന് മേലുള്ള കുരുക്ക് മുറുക്കി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നൽകിയിരുന്നു. ഓഫീസില്‍ കൊണ്ടുവന്ന് സ്വപ്നയെ പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്നും, ഒന്നിച്ച് ലോക്കര്‍ തുടങ്ങാന്‍ നിര്‍ദേശിച്ചതായും എന്‍ഫോഴ്‌സ്‌മെന്റിന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
സ്വപ്നയെ ഇവിടെ പരിചയപ്പെടുത്തിയ ശേഷം മടങ്ങുകയായിരുന്നു എന്നും, ഒന്നിച്ച് ലോക്കര്‍ തുറക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് ശിവശങ്കര്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ സ്വപ്‌നയുമായുള്ള ചര്‍ച്ചകള്‍ അവസാനിക്കും വരെ ശിവശങ്കര്‍ ഓഫീസിലുണ്ടായിരുന്നതായി വേണുഗോപാല്‍ അയ്യര്‍. 30 ലക്ഷമാണ് ജോയിന്റെ അക്കൗണ്ടിലേക്ക് ആദ്യം നിക്ഷേപിച്ചത്.
പല ഘട്ടങ്ങളിലായി സ്വപ്‌ന തന്നെ ഈ തുക പിന്‍വലിച്ചു. പിന്നാലെ അക്കൗണ്ട് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. തന്റെ സ്വര്‍ണാഭരണങ്ങള്‍ അക്കൗണ്ടിലുണ്ടെന്ന് സ്വപ്‌ന പറഞ്ഞു. ഈ ജോയിന്റ് അക്കൗണ്ടില്‍ നിന്ന് അന്വേഷണ ഏജന്‍സികള്‍ 64 ലക്ഷം രൂപയും സ്വര്‍ണവും പിടികൂടിയത്. ഇക്കാര്യങ്ങളെല്ലാം എൻഫോഴ്സ്മെൻറ് കോടതിയെ ധരിപ്പിച്ചുവെന്നാണ് സൂചന.