തിരുവനന്തപുരം വിമാനത്താവള സ്വകാര്യവൽക്കരണം; കേരള നിലപാടിനെതിരെ വീണ്ടും കേന്ദ്ര വ്യോമയാന മന്ത്രി

ന്യൂഡെൽഹി: തിരുവനന്തപുരം വിമാനത്താവളത്തിൽ കേന്ദ്ര തീരുമാനത്തിനെതിരായ കേരളത്തിന്റെ എതിർപ്പ് ശക്തമായ സാഹചര്യത്തിൽ വീണ്ടും ഇതിനെതിരെ കേന്ദ്രമന്ത്രി വ്യോമയാന മന്ത്രി ഹർദീപ്സിംഗ് പുരി. പൊതു സ്വകാര്യ പങ്കാളിത്ത മാതൃക ആദ്യം നടപ്പിലാക്കിയതും അത് വിജയകരമാക്കിയതും കേരളമാണെന്ന് അദ്ദേഹം തന്റെ ഫെയ്സ്ബുക് പോസ്റ്റിൽ പറഞ്ഞു.

“വിമാനത്താവളങ്ങളുടെ കാര്യത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ ആദ്യ മാതൃക കേരളത്തിൽ നിന്നാണ്. ഈ തരത്തിൽ ആദ്യം നിലവിൽ വന്നത് കൊച്ചിയിലെ വിമാനത്താവളമാണ്. പ്രതിവർഷം 13 ലക്ഷം യാത്രക്കാരുമായി ലാഭകരമായി ഇന്ന് കൊച്ചി പ്രവർത്തിക്കുന്നു. 2019-20 കാലത്ത് കൊറോണയ്ക്ക് മുൻപ് വരെ 9.62 ദശലക്ഷം യാത്രക്കാരാണ് കൊച്ചി വിമാനത്താവളം വഴി യാത്ര ചെയ്തത്.

കണ്ണൂരാണ് മറ്റൊരു വിജയകരമായ മാതൃക. കൊച്ചി വിമാനത്താവളത്തിന് തറക്കല്ലിട്ടത് 1994 ൽ യുഡിഎഫ് ഭരണകാലത്താണ്. ഉദ്ഘാടനം ചെയ്തത് 1999 ൽ എൽഡിഎഫ് സർക്കാരും. പിപിപി മാതൃകയിൽ രണ്ട് പ്രധാന വിമാനത്താവളങ്ങൾ വിജയകരമായി നടത്തുന്ന സംസ്ഥാന സർക്കാരാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തിൽ എതിർപ്പുന്നയിക്കുന്നത്.

കേരളത്തിൽ സർവകക്ഷി യോഗം വിളിച്ച് ഇതിനെ എതിർത്തതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. രാജ്യത്തെ യാത്രക്കാരുടെ എണ്ണത്തിന്റെ 33 ശതമാനലും ദില്ലി, മുംബൈ വിമാനത്താവളങ്ങൾ വഴിയാണ്. 2006-07 കാലത്ത് യുപിഎ സർക്കാരാണ് ഇത് രണ്ടും സ്വകാര്യവത്കരിച്ചത്. ഇതുമായി താരതമ്യം ചെയ്ത് നോക്കുമ്പോൾ ഇപ്പോഴത്തെ ആറ് വിമാനത്താവളങ്ങളും വഴി ആകെ 10 ശതമാനം യാത്രക്കാർ മാത്രമാണ് ഉള്ളത്. കേരളം സ്വകാര്യവത്കരണത്തിന് എതിരാണെങ്കിൽ ലേലത്തിൽ പങ്കെടുത്തത് എന്തിനാണെന്നും ഹർദീപ്സിംഗ് പുരി ചോ​ദിക്കുന്നു.