ഉരുവച്ചാല്‍: ഗുരുതരാവസ്ഥയിലായ രോഗിയുമായി ബന്ധുക്കള്‍ രാത്രി എട്ട് മണിക്കൂറിന് ഇടയില്‍ കയറി ഇറങ്ങിയത് ആറ് ആശുപത്രികള്‍. ആറിടത്തും ചികിത്സ നിഷേധിച്ചു. ഇതോടെ 70 കിലോമീറ്റര്‍ അലഞ്ഞതിന് ശേഷം ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയിലേക്ക് തന്നെ ഇവര്‍ക്ക് തിരികെ എത്തേണ്ടി വന്നു.
ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന 40 വയസ്സുകാരന്റെ നില വഷളായപ്പോഴാണ് കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്കു മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. കിടക്ക ഒഴിവില്ലെന്ന കാരണം പറഞ്ഞാണ് ചെന്ന ആശുപത്രികള്‍ ഒന്നൊന്നായി കയ്യൊഴിഞ്ഞത്. ജില്ലാ ആശുപത്രിയില്‍ കൊറോണ പരിശോധന നടത്തിയ ശേഷം നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായാണ് ബന്ധുക്കള്‍ രോഗിയെ ആംബുലന്‍സില്‍ വിവിധ ആശുപത്രികളില്‍ എത്തിച്ചത്.
കണ്ണൂരിലെ ആശുപത്രികള്‍ കയ്യൊഴിഞ്ഞപ്പോള്‍ തലശ്ശേരിയിലെ ആശുപത്രിയിലേക്കും ഇവരെത്തി. മറ്റ് ആശുപത്രികളില്‍ പ്രവേശിപ്പിക്കാതെ വന്നതോടെ ഇരിട്ടിയില്‍ ചികിത്സിച്ചിരുന്ന ഡോക്ടറെ വിളിച്ച് പുലര്‍ച്ചെ നാലോടെ തിരികെ അവിടെത്തന്നെ എത്തിക്കുകയായിരുന്നു. രോഗിക്ക് അടിയന്തര ചികിത്സ ഇവിടെ ലഭ്യമാക്കി. വ്യാഴാഴ്ച വൈകിട്ടോടെ രോഗിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.