കൊച്ചി: ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി കൊച്ചി ഓഫ് ക്യാമ്പസിന് അംഗീകാരം ലഭിച്ചിട്ടില്ലെന്ന് യുജിസി ഹൈക്കോടതിയിലാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്. 2019- 2020 വർഷത്തെ അഡ്മിഷനുകൾ നിർത്തിവെച്ചതായി ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി അധികൃതർ പറഞ്ഞു. അംഗീകാരമില്ലാതെ കോഴ്സ് നടത്തിയതിന് സർക്കാരിനേയും യു ജി സിയേയും ജെയ്ൻ യൂണിവേഴ്സിറ്റിയേയും പ്രതിചേർത്ത് ലോക് ജനശക്തി പാർട്ടി ദേശീയ പാർലമെൻ്ററി ബോർഡ് ചെയർപേഴ്സൺ രമാ ജോർജ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കേസ് പരിഗണിക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കൊച്ചിയിൽ ക്യാമ്പസ് ആരംഭിക്കാനുള്ള അനുവാദവും അംഗീകാരവും യു.ജി.സി. നൽകിയിട്ടില്ലെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ സെക്രട്ടറി സർക്കാരിനെ അറിയിച്ചിരുന്നു.
കൊച്ചി ക്യാമ്പസിലെ കോഴ്‌സുകൾ നിർത്തി വയ്ക്കാനും നിർദ്ദേശം നൽകിയിരുന്നു. കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ നിന്ന് ലഭിക്കുന്ന ബിരുദത്തിന് യുജിസി.അംഗീകാരമില്ലെന്നും വിദ്യാർത്ഥികൾ ശ്രദ്ധ പുലർത്തണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നൽകി. യൂണിവേഴ്‌സിറ്റിയുടെ തെറ്റായ നീക്കത്തിനെതിരെ നടപടിയെടുക്കണമെന്ന് സർക്കാർ യു.ജി.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെയാണ് സർക്കാരിൻ്റെ പുതിയ ഉത്തരവും പിആർഡി റിലീസും ഇറക്കിയത്. ഇത് ജെയ്ൻ യൂണിവേഴ്‌സിറ്റിക്ക് കനത്ത തിരിച്ചടിയാകും.
മകന് അഡ്മിഷന് വേണ്ടിയാണ് രമാ ജോർജ് ജെയ്ൻ യൂണിവേഴ്സിറ്റി കൊച്ചി ക്യാമ്പസിൽ എത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജെയ്ൻ കൊച്ചി കാമ്പസിന് അംഗീകാരമില്ലെന്ന് വ്യക്തമായി. ഇതേ തുടർന്നാണ് ഹർജി നൽകിയത്. പ്രമുഖ ദിനപത്രങ്ങളിൽ കോടികൾ പരസ്യം നൽകിയാണ് ജെയ്ൻ വിദ്യാർഥികളെ കണ്ടെത്തിയിരുന്നത്. ഉപഭോക്താക്കളെ പറ്റിച്ച് പരസ്യം നൽകുന്നത് കുറ്റകരമാണെന്നിരിക്കെയാണ് പത്രങ്ങൾ പരസ്യം നൽകിയത്.