ന്യൂഡെൽഹി: നീറ്റ്, ജെഇഇ പരീക്ഷകളിൽ മാറ്റമില്ലെന്ന് ദേശീയ ടെസ്റ്റിംഗ് ഏജൻസി. കൊറോണ മാനദണ്ഡപ്രകാരമായിരിക്കും പരീക്ഷ നടത്തുക. ജെഇഇ പരീക്ഷകൾ അടുത്ത മാസം ഒന്നു മുതൽ ആറ് വരെ തന്നെ നടത്തും. വിദ്യാർത്ഥികളുടെ അഡ്മിറ്റ് കാർഡുകൾ നൽകി തുടങ്ങിയെന്ന് എൻടിഎ അറിയിച്ചു. നീറ്റ് പരീക്ഷ അടുത്ത മാസം 13ന് നടക്കും. ഇതിനുള്ള അഡ്മിറ്റ് കാർഡുകൾ ഉടൻ ലഭ്യമാക്കുമെന്നും ദേശീയ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു.
പരീക്ഷകൾ മാറ്റിവെയ്ക്കാൻ ഇതുവരെ തീരുമാനം ഇല്ലെന്നും പ്രചരിക്കുന്ന മറ്റു വാർത്തകൾ അടിസ്ഥാന രഹിതമെന്നും എൻ ടി എ വ്യക്തമാക്കി. കൊറോണ പശ്ചാത്തലത്തിൽ മാറ്റിവച്ച യുജിസി നെറ്റ് അടക്കമുള്ള പരീക്ഷകളുടെ പുതുക്കിയ തീയ്യതിയും ദേശീയ ടെസ്റ്റിംഗ് ഏജൻസി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
മെയ് – ജൂൺ മാസങ്ങളിൽ നടക്കേണ്ടയിരുന്ന പരീക്ഷകളുടെ പുതുക്കിയ തീയതിയാണ് പ്രഖ്യാപിച്ചത്. യുജിസി നെറ്റ് പരീക്ഷ അടുത്ത മാസം 16നാണ് ആരംഭിക്കുക. 16 മുതൽ 18വരെയും 21 മുതൽ 25 വരെയുമാകും നെറ്റ് പരീക്ഷ നടക്കുക. ഡൽഹി സർവകലാശാലയുടെ പ്രവേശന പരീക്ഷ അടുത്ത മാസം ആറ് മുതൽ പതിനൊന്ന് വരെ നടത്തും.
ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്സ്റ്റിയുടെ പിഎച്ച്ഡി പ്രവേശന പരീക്ഷ ഒക്ടോബർ നാലിന് നടത്തും. മാറ്റിവച്ച ആറ് പരീക്ഷകളുടെ തീയ്യതിയാണ് പ്രഖ്യാപിച്ചത്. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ ഹാൾ ടിക്കറ്റ് പരീക്ഷാ തീയതിയുടെ പതിനഞ്ച് ദിവസം മുൻപ് വൈബ്സൈറ്റിൽ നിന്ന് ലഭ്യമാകും.