മത്തായിയുടെ കസ്റ്റഡിമരണം; അന്വേഷണം സിബിഐക്ക് വിട്ടു; തീരുമാനം ഹൈക്കോടതി ഇന്ന് ഹർജി പരി​ഗണിക്കാനിരിക്കെ

പത്തനംതിട്ട: ചിറ്റാറിലെ മത്തായിയുടെ കസ്റ്റഡിമരണം സംബന്ധിച്ച് ഭാര്യ ഷീബ നൽകിയ ഹർജി ഹൈക്കോടതി ഇന്നു പരി​ഗണിക്കാനിരിക്കെ കേസ് അന്വേഷണം സിബിഐക്ക് വിട്ടു. സിബിഐ അന്വേഷണം ശുപാർശ ചെയ്തുകൊണ്ടുള്ള ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവെച്ചു. ശുപാർശ കേന്ദ്ര പഴ്സണൽ മന്ത്രാലയത്തിന് കൈമാറും.

വനംവകുപ്പ് സ്ഥാപിച്ച ക്യാമറ നശിപ്പിച്ചു എന്നാരോപിച്ച് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ കസ്റ്റഡിയിൽ എടുത്ത മത്തായിയെ പിറ്റേന്ന് വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തെളിവെടുപ്പിനിടെ ഓടിരക്ഷപ്പെട്ട മത്തായി കിണറ്റിൽ ചാടിയതാണെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ വനംവകുപ്പ് ഉദ്യോ​ഗസ്ഥർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ കുടുതൽ വകുപ്പുകൾ ഉൾപ്പെടുത്തി പൊലീസ് കേസെടുക്കുകയായിരുന്നു

ആരോപണ വിധേയരായ ഉദ്യോ​ഗസ്ഥരെ സർക്കാർ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. അതിനിടെ മത്തായിയുടെ കസ്റ്റഡി മരണത്തിൽ
ജില്ലാ പൊലീസ് മേധാവി ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. അന്വേഷണത്തിന്റെ വിശദാംശങ്ങൾ, ചുമത്തിയിരിക്കുന്ന വകുപ്പുകൾ, മരണ കാരണം, പോസ്റ്റ്മോർട്ടം റിപ്പോർട്ട്, നിയമോപദേശം എന്നിവ അടങ്ങിയ വിശദമായ റിപ്പോർട്ടാണ് ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമൺ തയ്യാറാക്കിയിരിക്കുന്നത്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയെ തുടർന്നാണ് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടത്.

വനപാലകരെ പ്രതിപ്പട്ടികയിൽ ചേ‍ർക്കാത്തതും അറസ്റ്റ് ചെയ്യാത്തതും ആരോപണ വിധേയർക്ക് മുൻകൂർ ജാമ്യത്തിന് വഴി ഒരുക്കുമെന്നാണ് കുടുംബത്തിന്റെ ആരോപണം. പ്രതികളായവരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കുടുംബം. മത്തായിയുടെ മൃതദേഹം 25 ദിവസമായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.