ന്യൂഡെൽഹി: പാലാരിവട്ടം പാലത്തിന്റെ ഭാര പരിശോധന നടത്തണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന .സർക്കാർ സുപ്രീം കോടതിയിയിൽ. പാലം പുതുക്കി പണിയുന്നതിന് സംബന്ധിച്ച് വേഗത്തിൽ തീർപ്പുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ സുപ്രീം കോടതിയിൽ അപേക്ഷ നൽകിയത്.
കഴിഞ്ഞ ഫെബ്രുവരിയിൽ തൽസ്ഥിതി തുടരാനും നിര്‍മ്മാണ കമ്പനിയോട് മറുപടി നൽകാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. കേസിന്‍റെ നടപടികൾ നീണ്ടുപോകുന്നത് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്‍റെ അപേക്ഷ. കേസ് വേഗത്തിൽ പരിഗണിച്ച് പാലം പുതുക്കി പണിയാൻ അനുമതി നൽകണമെന്നും സർക്കാർ അപേക്ഷയിൽ ആവശ്യപ്പെട്ടു.
പാലാരിവട്ടം കേസ് ഈ മാസം 28 ന് പരിഗണിക്കാനിരിക്കുകയാണ്.അന്നു തന്നെ കേസ് വാദം കേട്ട് ഉടന്‍ തീര്‍പ്പുണ്ടാക്കുകയും വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.
പാലത്തില്‍ ഭാരപരിശോധന നടത്താനായിരുന്നു ഹൈക്കോടതി വിധിച്ചത്. ഫെബ്രുവരിയിലാണ് ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് റോഹിംഗ്ടണ്‍ നരിമാന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് തല്‍സ്ഥിതി നിലനിര്‍ത്താന്‍ ഉത്തരവിടുകയായിരുന്നു. എന്നാല്‍ കൊറോണ ലോക്ക്ഡൗണിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് നീണ്ടുപോകുകയായിരുന്നു. തല്‍സ്ഥിതി ഉത്തരവ് നീക്കുകയും ഭാരപരിശോധന ഒഴിവാക്കി എത്രയും വേഗം പാലം നിര്‍മ്മാണത്തിന് അനുമതി നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.
അതേസമയം കൊച്ചിയിലെ കുണ്ടന്നൂർ, വൈറ്റില മേൽപാലങ്ങൾ വരുന്ന സെപ്റ്റംബറിൽ തുറന്നു കൊടുക്കും. അതിനിടയിൽ വരുന്ന പാലാരിവട്ടം മേൽ പാലത്തിന്റെ പുനർനിർമാണം വൈകുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലായി ലാക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. പാലം പൊളിച്ചുപണിയണമെന്നാണ് കേരള സര്‍ക്കാര്‍ നിയോഗിച്ച ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയും ശുപാര്‍ശ ചെയ്തത്.
നിർമ്മാണത്തിൽ അപാകത കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി പാലാരിവട്ടം പാലം അടഞ്ഞു കിടക്കുകയാണ്. പാലം നിർമാണത്തിലെ അഴിമതിയെ കുറിച്ചുള്ള അന്വേഷണം പൂർത്തിയാക്കാതെ രാഷ്ട്രീയ നേട്ടത്തിന് ആരോപണ പ്രത്യാരോപണ വേദിയാക്കി മാറ്റിയിരിക്കയാണ്. ഇതിനിടയിലാണ് പാലം പണി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.