ഹൈദരബാദ്: തെലുങ്കാനയിലെ ശ്രീശൈലം ജല വൈദ്യുത നിലയത്തിനുള്ളിൽ അഗ്നിബാധ. ഒൻപത് പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നു. തെലങ്കാന-ആന്ധ്ര അതിർത്തിയിലെ ശ്രീശൈലം ജലവൈദ്യുത നിലയത്തിൽ ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു സംഭവം. ഇടത് പവർഹൗസിലെ ആദ്യത്തെ ജലവൈദ്യുത യൂണിറ്റിലെ നാലാമത്തെ പാനലിലാണ് സംഭവം.
സംഭവ സമയത്ത് 15-20 പേർ ഡ്യൂട്ടിയിലുണ്ടായിരുന്നു. തീപിടിത്തത്തെ തുടർന്ന് കുടുങ്ങിയ 10 പേരെ രക്ഷപ്പെടുത്തി. ഡെപ്യൂട്ടി എഞ്ചിനീയർ ശ്രീനിവാസ് ഗൗഡ് അസിസ്റ്റന്റ് എഞ്ചിനീയർമാരായ സുരേന്ദർ, മോഹൻ കുമാർ, സുഷമ, ഫാത്തിമ എന്നിവരും രണ്ട് സാങ്കേതിക വിദഗ്ധരായ വെങ്കട്ട് റാവു, എട്ടെം റമ്പാബു എന്നിവരും അകത്ത് കുടുങ്ങിയിട്ടുണ്ട്. ആകെ ഒമ്പത് പേർകൂടി കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.
ദേശീയ ദുരന്തനിവാരണ സേന ഇവരെ രക്ഷപ്പെടുത്താൻ ഉള്ള ശ്രമങ്ങൾ തുടരുകയാണ്. പരിക്കേറ്റ ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.