മുംബൈ: പെൻഷൻ നിയമപരമായിട്ടല്ലാതെ വെട്ടിക്കുറയ്ക്കുന്നതിന് അനുവാദമില്ലെന്ന് ബോംബെ ഹൈക്കോടതി. പെൻഷൻ മൗലികാവകാശമാണെന്നും അതിന്റെ ഒരു ഭാഗം പോലും വെട്ടിക്കുറക്കുന്നത് അംഗീകരിക്കാവുന്ന കാര്യമല്ലെന്നും ജസ്റ്റിസ് രവി ദേശ്പാണ്ഡെയും ജസ്റ്റിസ് എൻബി സൂര്യവംശിയും അടങ്ങുന്ന നാഗ്പുർ ബെഞ്ച് വ്യക്തമാക്കി.
ബാന്ദ്രയിലെ ഓർഡിനൻസ് ഫാക്ടറിയിൽ അസിസ്റ്റന്റ് ഫോർമാനായി വിരമിച്ച നൈനി ഗോപാലിന്റെ ഹർജി പരിഗണിക്കുകയായിരുന്നു രണ്ടംഗ ബെഞ്ച്. 1994 ഒക്ടോബറിൽ ജോലിയിൽനിന്ന് വിരമിച്ച നാഗ്പുർ സ്വദേശിയായ നൈനി ഗോപാൽ തന്റെ പെൻഷനിൽ നിന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെൻട്രലൈസ്ഡ് പെൻഷൻ പ്രോസസിങ് സെന്റർ മാസംതോറും 11,400 രൂപ വീതം 3,69,035 രൂപ തിരികെ പിടിച്ചു എന്ന് കാണിച്ചാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ 2007 ഒക്ടോബർ മുതൽ 782 രൂപ പെൻഷൻ തുകയിൽ അധികമായി ഇദ്ദേഹത്തിന് നൽകി വരുന്നുണ്ട് എന്നാണ് എസ്ബിഐയുടെ വാദം.
സാങ്കേതിക പിഴവ് മൂലം ബാങ്കിന് പണനഷ്ടമുണ്ടായതിനെ തുടർന്നാണ് ഇദ്ദേഹത്തിന് നൽകിയ അധികതുക തിരികെ വസൂലാക്കാൻ തീരുമാനിച്ചതെന്ന് എസ്ബിഐ കോടതിയെ അറിയിച്ചു. പെൻഷൻ നിശ്ചയിച്ചതിൽ ഇദ്ദേഹത്തെ താഴ്ന്ന റാങ്കിൽ പെടുത്തി തുക തിരികെ പിടിക്കാൻ റിസർവ് ബാങ്കിൽനിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്നും എസ്ബിഐ കൂട്ടിച്ചേർത്തു.
അതേസമയം സാങ്കേതിക പിഴവ് സംബന്ധിച്ച് തെളിവ് നൽകാൻ ബാങ്കിന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. വിരമിച്ച തൊഴിലാളികളുടെ പെൻഷൻ നിശ്ചയിക്കാൻ ബാങ്കിന് അധികാരമില്ലെന്നും ഹർജിക്കാരന്റെ പെൻഷൻ തുകയിൽനിന്ന് പണം ഈടാക്കാനുള്ള കൃത്യമായ കാരണം വ്യക്തമാക്കാൻ ബാങ്കിന് സാധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതെ തുടർന്നാണ് കോടതി നിർണായക പ്രഖ്യാപനം നടത്തിയത്.