തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിനെ ഏല്‍പ്പിക്കുന്നത് കോടതിയിൽ ചോദ്യംചെയ്യും: സംസ്ഥാന സര്‍ക്കാര്‍; നടപടിക്കെതിരേ വ്യാപക പ്രതിഷേധം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിനെ ഏല്‍പ്പിച്ച തീരുമാനം നിയമവിരുദ്ധമെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്യും. കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അദാനിക്ക് അനുകൂലമായി തീരുമാനമെടുത്തത് നിയമവിരുദ്ധമാണെന്നായിരിക്കും സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുക.

വിമാനത്താവള സ്വകാര്യവത്കരണത്തിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍ കേസ് തുടരാന്‍ സുപ്രീംകോടതി അനുമതിയുണ്ട്. കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കണം എന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. കൊറോണയെ തുടര്‍ന്ന് ഹൈക്കോടതി കേസ് പരിഗണിക്കുന്നത് നീണ്ടുപോവുന്നതിന് ഇടയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വരുന്നത്.

വിമാനത്താവള സ്വകാര്യവത്കരണം രാഷ്ട്രീയ ആയുധമാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. അതിനിടെ സ്വകാര്യവത്കരണ നീക്കത്തിനെതിരെ ഒന്നരവര്‍ഷത്തോളമായി സമരം ചെയ്ത വിമാനത്താവള ജീവനക്കാര്‍ പ്രതിഷേധം കടുപ്പിക്കാന്‍ ഒരുങ്ങുകയാണ്. കോണ്‍ഗ്രസ് നേതാക്കളായ ഏ കെ ആന്റണിയും മുല്ലപ്പള്ളി രാമചന്ദ്രനും ഉള്‍പ്പെടെയുള്ളവര്‍ പദ്ധതിയെ എതിര്‍ത്ത് രംഗത്തെത്തി. എന്നാല്‍ സ്വകാര്യവത്കരണത്തെ അനുകൂലിക്കുന്ന നിലപാടാണ് തിരുവനന്തപുരം എംപിയായ ശശി തരൂരില്‍ നിന്നുണ്ടായത്.

തിരുവനന്തപുരം: തലസ്ഥാനത്തെ വിമാനത്താവളത്തിന്‍റെ നടത്തിപ്പ് സ്വകാര്യകമ്പനിക്ക് നൽകിയതിൽ പ്രധാനമന്ത്രിയോട് കടുത്ത ഭാഷയിൽ എതിർപ്പറിയിച്ച് മുഖ്യമന്ത്രി. വിമാനത്താവളത്തിന്‍റെ സ്വകാര്യവത്കരണനീക്കത്തോട് സംസ്ഥാനസർക്കാർ സഹകരിക്കില്ല. പദ്ധതി നടത്തിപ്പിന് സർക്കാർ പിന്തുണയും നൽകില്ല. കേന്ദ്രമന്ത്രിസഭയുടെ തീരുമാനം കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യം പോലും കണക്കിലെടുക്കാതെയാണ്. ഇത് പുനഃപരിശോധിക്കണമെന്നും കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെടുന്നു.

സംസ്ഥാനസർക്കാർ മുഖ്യപങ്കാളിയായ കമ്പനിയ്ക്ക് വിമാനത്താവള നടത്തിപ്പ് നൽകണമെന്ന് പല തവണ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. ”2003-ൽ ഇത് സംസ്ഥാനസർക്കാരിന് തന്നെ നൽകാമെന്ന് കേന്ദ്രവ്യോമയാനമന്ത്രാലയം ഉറപ്പ് നൽകിയിരുന്നതാണ്. വിമാനത്താവളനടത്തിപ്പിന് എന്നെങ്കിലും ഒരു സ്വകാര്യകമ്പനിയെ പരിഗണിച്ചാൽ തീർച്ചയായും സംസ്ഥാനസർക്കാർ ഇതിൽ നടത്തിയ പ്രവർത്തനങ്ങൾ കൂടി കണക്കിലെടുത്തേ അന്തിമതീരുമാനമെടുക്കൂ എന്നായിരുന്നു കേന്ദ്രത്തിന്‍റെ ഉറപ്പ്. ഇത് താങ്കളും നേരിട്ട് എനിക്ക് ഉറപ്പു തന്ന കാര്യമാണ്”, മുഖ്യമന്ത്രി കത്തിൽ പറയുന്നു.

വിമാനത്താവളത്തിൽ അന്താരാഷ്ട്ര ടെർമിനൽ പണിയാനായി സംസ്ഥാനസർക്കാർ എയർപോർട്ട് അതോറിറ്റിക്ക് സൗജന്യമായി 23.57 ഏക്കർ ഭൂമി വിട്ടു നൽകിയിരുന്നു. വിമാനത്താവളനടത്തിപ്പിനായി പ്രത്യേക കമ്പനി രൂപീകരിക്കുമ്പോൾ, ഈ ഭൂമിയുടെ വില സർക്കാർ ഓഹരിയായി കമ്പനിയിൽ ഉണ്ടാകുമെന്ന ഉറപ്പിലായിരുന്നു ഇത്.

2018 ഡിസംബർ 4-ന് നടന്ന നിതി ആയോഗ് യോഗത്തിൽ ഇത്രയധികം ഭൂമി ഏറ്റെടുത്തതിൽ സംസ്ഥാനസർക്കാരിന് വന്ന ചെലവ് സർക്കാർ വിശദമായി ചൂണ്ടിക്കാട്ടിയിരുന്നതാണ്. ഒപ്പം സംസ്ഥാനസർക്കാരിന് കൊച്ചിയിലും കണ്ണൂരിലും രണ്ട് വിമാനത്താവളങ്ങൾ നടത്തി പരിചയമുണ്ടെന്ന വസ്തുതയും അതേയോഗത്തിൽ ഉന്നയിച്ചതാണ്. ഇപ്പോൾ നടത്തിപ്പ് കരാർ ലഭിച്ച സ്വകാര്യകമ്പനിക്ക് ആ പ്രവൃത്തിപരിചയമില്ല. തിരുവനന്തപുരം വിമാനത്താവളം പിപിപി മോഡലിൽ പ്രവൃത്തിക്കണമെന്ന ശുപാർശ പിൻവലിക്കണമെന്നും, നിലവിൽ കരാർ തുക ഏറ്റവും കൂടുതൽ നൽകിയ കമ്പനിയ്ക്ക് തുല്യമായ തുക സംസ്ഥാനസർക്കാർ തരാൻ തയ്യാറാണെങ്കിൽ ഇത് സർക്കാരിന് തന്നെ നൽകണമെന്നും ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതൊന്നും പരിഗണിക്കപ്പെട്ടില്ല.

ജൂൺ 10-ന് അയച്ച കത്തിലും ഈ ആവശ്യം ഞാൻ വീണ്ടും ഉന്നയിച്ചതാണ്. ഹൈക്കോടതിയിൽ ഇത് സംബന്ധിച്ചുള്ള കേസ് നിലനിൽക്കുമ്പോൾപ്പോലും ഇത് പരിഗണിക്കാതെ ഈ തീരുമാനമെടുത്തത് ശരിയല്ല.

കേന്ദ്രസർക്കാർ സംസ്ഥാനസർക്കാരിന്‍റെ എല്ലാ ശുപാർശകളെയും പരിഗണിക്കുക പോലും ചെയ്യാതെ തള്ളിയ സാഹചര്യത്തിൽ ഈ പദ്ധതി നടത്തിപ്പുമായി ഇനി സഹകരിക്കാൻ ബുദ്ധിമുട്ടാണ്. ഇത് ജനഹിതത്തിനുമെതിരാണ്. ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് താങ്കളോട് അഭ്യർത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി കത്തിൽ പറയുന്നു.