റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവൽനിക്ക് വിഷബാധയേറ്റ് അബോധാവസ്ഥയിൽ; ചായയിൽ വിഷം കലർത്തി നൽകിയെന്ന്‌ സംശയം

മോസ്കോ: റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവൽനിക്ക് വിഷബാധ. വെന്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം ഇപ്പോൾ കോമയിലാണ്. റഷ്യൻ പ്രസിഡന്റ് വ്ലാദ്‍മിർ പുട്ടിന്റെ പ്രധാന എതിരാളിയാണ് 44-കാരനായ അലക്‌സി നവൽനി. വിഷബാധയേറ്റതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ നില വഷളായതെന്ന് സംശയിക്കുന്നതായി അലക്സിയുടെ വക്താവ് കിര യർമിഷ് ട്വീറ്റ് ചെയ്തു.

സൈബീരിയിൻ പട്ടണമായ ടോംസ്‌കിൽനിന്ന് മോസ്‌കോയിലേക്കുള്ള യാത്രാമധ്യേ ഫ്‌ളൈറ്റിൽ വെച്ചാണ് ഇദ്ദേഹത്തിന് വിഷബാധയേൽക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. നവൽനിക്ക് കടുത്ത വിഷബാധയേറ്റതിനെത്തുടർന്ന് വിമാനം സൈബീരിയയിലെ ഓംസ്‌കിൽ അടിയന്തിര ലാൻഡിങ് നടത്തുകയായിരുന്നു.

അപരിചിതമായ ഏതോ സൈക്കോഡിസ്ലെപ്റ്റിക് മരുന്നുകൊണ്ടാണ് അദ്ദേഹത്തെ അപായപ്പെടുത്താനുള്ള ശ്രമം നടന്നിട്ടുള്ളത്. അത് കൃത്യമായി ഏത് മരുന്നെന്ന് തിരിച്ചറിയാൻവേണ്ടിയുള്ള ഫോറൻസിക് പരിശോധനകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അലക്സിയുടെ വക്താവ് കിര യർമിഷ് പറഞ്ഞു. വിമാനത്തിൽ നിന്ന് അലക്സിയെ സ്‌ട്രെച്ചറിൽ കയറ്റി ആംബുലൻസിലേക്ക് കൊണ്ടുപോകുന്നതിന് ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുൻപ് എയർപോർട്ട് കഫേയിൽനിന്ന് ഒരു കട്ടൻചായ മാത്രമാണ് അലക്സി കുടിച്ചതെന്ന് കിര റഷ്യൻ മാധ്യമങ്ങളോട് പറഞ്ഞു.ഇതിൽ ആരെങ്കിലും വിഷം കലർത്തി നൽകിയതായിരിക്കാം. ചൂടുള്ള ദ്രാവകത്തിലൂടെ വിഷവസ്തു വേഗത്തിൽ ശരീരത്തിലെത്തുമെന്ന് ഡോക്ടർമാർ വ്യക്തമാക്കിയതായും അവർ പറഞ്ഞു.

ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗം പൊലീസിനെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഡോക്ടർമാർ ചില കാര്യങ്ങൾ വെളിപ്പെടുത്താൻ മടിക്കുന്നതായും കിര യർമിഷ് പറഞ്ഞു. ഓംസ്ക് എമർജൻസി ഹോസ്പിറ്റൽ നമ്പർ 1ലെ വിഷബാധ യൂണിറ്റിൽ പ്രവേശിപ്പിച്ചിരിക്കുന്ന അലക്സിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

വിഷം ഉള്ളിൽചെന്നതാണ് കാരണമെന്ന് അനുമാനിക്കുന്നതായും എന്നാൽ ഇതേ അവസ്ഥയിലേക്ക് നയിക്കുന്ന മറ്റു കാരണങ്ങൾ ഉണ്ടെന്നും അവർ അറിയിച്ചു. ഇതു സ്ഥിരീകരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അലക്സിയുടെ നേതൃത്വത്തിലുള്ള സംഘടനയായ എഫ്ബികെ റഷ്യൻ അന്വേഷണ കമ്മിറ്റിയെ സമീപിച്ചു.

അലക്സിയുടെ രാഷ്ട്രീയ നിലപാടും പ്രവർത്തനങ്ങളും മൂലം അദ്ദേഹത്തിന് വിഷം നൽകിയതാണെന്ന കാര്യത്തിൽ സംശയമില്ലെന്ന് എഫ്ബികെ അധികൃതർ ആരോപിച്ചു. കഴിഞ്ഞ ജൂലൈയിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ അലർജി ഉണ്ടായപ്പോൾ തനിക്ക് വിഷബാധയേറ്റെന്ന് സംശയിക്കുന്നതായി അലക്സി വെളിപ്പെടുത്തിയിരുന്നതായും അവർ പറഞ്ഞു.