മോസകോ: ലോകത്തിലെ ആദ്യ കൊറോണ വാക്‌സിൻ വികസിപ്പിച്ചതായി അവകാശപ്പെട്ട റഷ്യ, മൂന്നാംഘട്ട പരീക്ഷണത്തിനൊരുങ്ങുന്നു. 40,000 പേരിലാണ് ആദ്യഘട്ടത്തിൽ പരീക്ഷണം നടത്തുന്നത്. കൊറോണ വാക്‌സിന് സ്പുട്‌നിക് അഞ്ച് എന്നാണ് റഷ്യ പേര് നൽകിയിരിക്കുന്നത്.
റഷ്യയിലെ ഗമലായ ഇൻസ്റ്റിറ്റ്യൂട്ട്, പ്രതിരോധ മന്ത്രാലയവുമായി ചേർന്നാണ് സ്പുട്‌നിക് അഞ്ച് വികസിപ്പിച്ചിരിക്കുന്നത്.രാജ്യത്തെ ജനങ്ങളിൽ മരുന്ന് ഉപയോഗിക്കാനുള്ള അനുമതി നേടുന്നതിന് മുന്നോടിയായാണ് പരീക്ഷണം. ഒരു വിദേശ ഗവേഷണ സമിതിയുടെ മേൽനോട്ടത്തിലാണ് പരീക്ഷണമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത് ആരാണെന്ന് വ്യക്തമല്ല.
ജൂൺ 18നാണ് റഷ്യ വാക്സിനുകളുടെ ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ചത്. 38 വോളൻറയർമാരിലായിരുന്നു പരീക്ഷണം. അതേസമയം പല അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളും നേരത്തെ റഷ്യയുടെ വാക്സിൻ പരീക്ഷണത്തിൽ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. വേണ്ടത്ര പരീക്ഷണങ്ങളും ഗവേഷണവും ട്രയലുകളും നടത്താതെയാണ് റഷ്യ വാക്സിൻ പുറത്തിറക്കുന്നതെന്ന സംശയമാണ് ഉയർത്തപ്പെടുന്നത്. വിമർശനങ്ങളെല്ലാം ഇപ്പോഴും തുടരുന്നുണ്ട്.
വാക്‌സിൻ ഉപയോഗത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും തന്റെ മകൾക്ക് ഇതിനകം കുത്തിവയ്പ്പ് നടത്തിയതായും റഷ്യൻ പ്രസിഡന്റ് വ്‌ളാഡ്മിർ പുടിൻ വ്യക്തമാക്കിയിരുന്നു. പരിശോധനയിൽ വാക്‌സിൻ കാര്യക്ഷമമാണെന്ന് തെളിഞ്ഞതായും കൊറോണ വൈറസിനെതിരെ പ്രതിരോധ ശേഷി കൈവരിക്കുന്നതായും അദ്ദേഹം പറയുന്നു. മന്ത്രിമാരുമായി നടത്തി വീഡിയോ കോൺഫറൻസിലാണ് പുടിൻ വാക്‌സിന്റെ പ്രഖ്യാപനം നടത്തിയത്. റഷ്യ ലോകത്തിലെ ആദ്യ കൊറോണ വാക്‌സിൻ രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഉത്പാദനം ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.