കോടതിയലക്ഷ്യ കേസിൽ ദയയുണ്ടാകണമെന്ന് അഭ്യർഥിക്കില്ല; ഏത് ശിക്ഷയും സ്വീകരിക്കും: പ്രശാന്ത് ഭൂഷൺ

ന്യൂഡൽഹി: തനിക്കെതിരായ കോടതിയലക്ഷ്യ കേസിൽ ദയയുണ്ടാകണമെന്ന് കോടതിക്ക് മുമ്പാകെ അഭ്യർഥിക്കുന്നില്ലെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത്ഭൂ ഷൺ. കോടതി തെറ്റിദ്ധരിക്കുകയായിരുന്നെന്നും അദ്ദേഹം സുപ്രീം കോടതിയിൽ പറഞ്ഞു. കോടതിയലക്ഷ്യ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലാണ് പ്രശാന്ത് ഭൂഷൺ ഇക്കാര്യം പറഞ്ഞത്.

പുനഃപരിശോധനാ ഹർജി നൽകാൻ സമയം വേണമെന്നതിനാൽ തനിക്കെതിരായ ക്രിമിനൽ കോടതിയലക്ഷ്യക്കേസിൽ ശിക്ഷ സംബന്ധിച്ച വാദം നീട്ടിവെക്കണമെന്ന് പ്രശാന്ത് ഭൂഷൺ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ കോടതി ഇത് നിരാകരിച്ചു. തുടർന്നാണ് പ്രശാന്ത് ഭൂഷൺ മുൻകൂട്ടി തയ്യാറാക്കിയ പ്രസ്താവന കോടതിയിൽ വായിച്ചത്. കോടതി തന്നെ തെറ്റിദ്ധരിക്കുകയായിരുന്നെന്നും അതിൽ വേദനയുണ്ടെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.

താൻ കുറ്റക്കാരനാണെന്ന കോടതിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നതാണ്. കോടതിക്കുനേരെ മനഃപൂർവമായ ആക്രമണമാണ് താൻ നടത്തിയതെന്ന നിഗമനത്തിലേയ്ക്ക് കോടതി എത്തിച്ചേർന്നത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന് അത്ഭുതപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്ന് അറ്റോർണി ജനറൽ

ജഡ്ജിമാർക്കെതിരായ പരാമർശം പിൻവലിക്കാൻ പ്രശാന്ത് ഭൂഷണ് സാവകാശം നൽകി സുപ്രീംകോടതി. രണ്ട് ദിവസത്തെ സമയം അനുവദിച്ച കോടതി കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിച്ചേക്കും. അതേ സമയം പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്ന് അറ്റോർണി ജനറൽ കോടതിയോട് ആവശ്യപ്പെട്ടു.

ജഡ്ജിമാർ തന്നെ കോടതിക്കെതിരെ സംസാരിച്ചിട്ടുണ്ടെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കോടതിയിൽ വ്യക്തമാക്കി. അങ്ങനെ സംസാരിച്ച ജഡ്ജിമാരുടെ പട്ടിക തന്റെ പക്കലുണ്ടെന്നും സുപ്രീംകോടതിയിലെ ജനാധിപത്യമില്ലായ്മയെയും ജുഡീഷ്യറിയിലെ അഴിമതിയെയും അവർ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു.

ആരെയും ശിക്ഷിക്കാൻ ആഗ്രഹമില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് അരുൺമിശ്ര കുറ്റം ചെയ്തവർ അത് സമ്മതിക്കണമെന്നും വ്യക്തമാക്കി. സ്വന്തം തെറ്റ് തിരിച്ചറിയാൻ അദ്ദേഹം തയ്യാറാകുന്നില്ല. ലക്ഷ്മണ രേഖ തിരിച്ചറിയണം. പ്രശാന്ത് ഭൂഷൺ ക്ഷമ ചോദിക്കാത്തിടത്തോളം ശിക്ഷിക്കരുത് എന്ന അറ്റോർണി ജനറലിന്റെ ആവശ്യം അംഗീകരിക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.