ഓർത്തഡോക്‌സ് സഭയുമായുള്ള എല്ലാ കൗദാശിക ബന്ധങ്ങളും അവസാനിപ്പിക്കാൻ യാക്കോബായ സഭ

കൊച്ചി: ഓർത്തഡോക്‌സ് സഭയുമായുള്ള സഹകരണം അവസാനിപ്പിക്കാൻ യാക്കോബായ സഭ. പള്ളിപിടിച്ചെടുക്കുന്ന നടപടികൾ അവസാനിപ്പിച്ചാൽ ഓർത്തഡോക്‌സ് സഭയുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും യാക്കോബായ സഭ വ്യക്തമാക്കി. സുപ്രീം കോടതി വിധി അല്ല ഇവിടെ നടപ്പാക്കുന്നത്. കേരള ഹൈക്കോടതിയിൽനിന്ന് വരുന്ന ഉത്തരവുകൾ ദുരൂഹമാണെന്നും മെത്രാപ്പോലിത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് പുത്തൻകുരിശ് പാത്രിയാർക്കിസ് സെന്ററിൽ നടന്ന അടിയന്തര സുന്നഹദോസിനു ശേഷം പറഞ്ഞു.

ഓർത്തഡോക്‌സ് സഭയുമായുള്ള എല്ലാ കൗദാശിക ബന്ധങ്ങളും അവസാനിപ്പിക്കാനാണ് യാക്കോബായ സഭ തീരുമാനിച്ചിരിക്കുന്നത്.പ്രാർഥന കാര്യങ്ങളിലും മറ്റും ഓർത്തോഡക്‌സ് സഭയുമായി നടത്തി വന്ന സഹകരണങ്ങളെല്ലാം തന്നെ നിർത്തിവെക്കാനാണ് ഇപ്പോൾ യാക്കോബായ സഭ തീരുമാനിച്ചിരിക്കുന്നതെന്ന് ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു.

മുളന്തുരുത്തി പള്ളി പിടിച്ചെടുക്കുന്ന നടപടിയിൽ നിരവധി വിശ്വാസികൾക്കും വൈദികർക്കും പരിക്കേൽക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. മനുഷ്യത്വപരമല്ലാത്ത രീതിയിലാണ് അവിടെ കാര്യങ്ങൾ നടന്നതെന്നും ഇതിൽ പോലീസിനും നടപടികൾക്ക് നേതൃത്വം നൽകിയ ഫോർട്ട് കൊച്ചി കൊച്ചി ആർ.ഡി.ഒയ്ക്കും എതിരെ നടപടി സ്വീകരിക്കണമെന്നും യാക്കോബായ സഭ ആവശ്യപ്പെടുന്നുണ്ട്.