തിരുവനന്തപുരം വിമാനത്താവളം ; മുഖ്യമന്ത്രിയുടെ ഓഫീസ് നിലപാട് മുതലെടുത്ത് ബിജെ പി അജണ്ട നടപ്പാക്കുന്നു: ബെന്നി ബഹനാൻ

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാൻ കേന്ദ്ര സർക്കാർ എടുത്ത തീരുമാനം ദേശീയ താത്പര്യത്തിന് എതിരാണെന്ന് യു ഡി എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി. പൊതുമേഖലയെ കോർപ്പറേറ്റ് മാനേജ്‌മെന്റിന് തീറെഴുതി കൊടുക്കാനുള്ള ബി ജെ പി അജണ്ടയുടെ ഭാഗമാണിത്. ഇതിനെതിരെ ദേശീയ തലത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന പൊതുനയത്തെ കേരളത്തിലെ കോൺഗ്രസും യു ഡി എഫും പിന്തുണയ്ക്കുന്നു.

തിരുവനന്തപുരം വിമാനത്താവളം കള്ളക്കടത്തുകാരുടെ പറുദീസയാക്കി മാറ്റിയ മുഖ്യമന്ത്രിയുടെ ഓഫീസ് നിലപാട് മുതലെടുത്ത് ബി ജെ പി സർക്കാരിന്റെ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് നടന്നതെന്ന് അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരം വിമാനത്താവളം കള്ളക്കടത്തുകാർക്ക് സ്വൈര്യ വിഹാരം നടത്താനുള്ള കേന്ദ്രമാക്കി മാറ്റിയത് മുഖ്യമന്ത്രിയുടെ ഓഫീസ് മുഖേനയാണ്. ദേശീയ സുരക്ഷയെ പോലും വെല്ലുവിളിക്കുന്ന കള്ളക്കടത്ത്കാരുടെ കേന്ദ്രമായി തിരുവനന്തപുരം വിമാനത്താവളം മാറിയെന്ന റിപ്പോർട്ടാണ് അന്വേഷണ ഏജൻസികൾ കേന്ദ്ര സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്.

തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുവാൻ സംസ്‌ഥാന സർക്കാരിന് ധാർമ്മികമായ അവകാശം നഷ്ടപ്പെട്ടു. ഈ അവസരം മുതലെടുത്താണ് തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറാൻ നേരത്തെ തീരുമാനിച്ച കേന്ദ്ര സർക്കാർ ആ തീരുമാനം വേഗത്തിലാക്കിയത്.

തിരുവനതപുരം വിമാനത്താവളം സംസ്‌ഥാനത്തിന്‌ നഷ്ടമായതിന്റെ പൂർണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും ബിജെ പിക്കുമാണ്. മുഖ്യമന്ത്രിയുടെ കഴിവ്‌കേട് മുതലെടുത്താണ് ബിജെപി സർക്കാർ വിമാനത്താവളം അദാനി ഗ്രൂപ്പിന് തീറെഴുതി കൊടുത്തതെന്നും ബെന്നി ബഹനാൻ ആരോപിച്ചു.