പേരാമ്പ്ര മത്സ്യ മാർക്കറ്റിൽ സംഘർഷം; പത്തുപേർക്ക് പരിക്കേറ്റു

കോഴിക്കോട്: പേരാമ്പ്ര മത്സ്യ മാർക്കറ്റിൽ മത്സ്യവിൽപനയുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഏർപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ. കൊറോണ രോഗവ്യാപനത്തിന്റെ സാഹചരും നിലനിൽക്കവെ ഉണ്ടായ ഇത്തരമൊരു സംഭവത്തെ അതീവ ഗൗരവത്തോടെയാണ് ജില്ലാ ഭരണകൂടം കാണുന്നത്. ഏറ്റുമുട്ടലിൽ പരിക്കേറ്റ പത്തുപേരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

സംഘർഷ പ്രദേശത്ത് ഉണ്ടായിരുന്ന മുഴുവൻ ആളുകളും റൂം ക്വാറന്റീനിൽ പ്രവേശിക്കണമെന്നും കളക്ടർ നിർദേശിച്ചു. ഇവർ അതാത് പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുകയും ഏഴ് ദിവസത്തിന് ശേഷം കൊറോണ പരിശോധനക്ക് വിധേയരാകുകയും ചെയ്യണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

ഇന്ന് രാവിലെ എസ്.ടി.യു.-സി.ഐ.ടി.യു പ്രവർത്തകർ തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിലേയ്ക്ക് നയിച്ചത്. ഏറ്റുമുട്ടലിൽ പരിക്കേറ്റ ഇരുവിഭാഗത്തിലും പെട്ട പത്തുപേരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

പേരാമ്പ്രയിൽ ലീഗിന്റെ തൊഴിലാളി യൂണിയനായ എസ്ടിയുവിൽനിന്ന് ഒരുവിഭാഗം തൊഴിലാളികൾ സിഐടിയുവിൽ ചേർന്നിരുന്നു. ഇന്നലെ രാവിലെ മാർക്കറ്റിൽ മത്സ്യ വില്പന നടത്താൻ തങ്ങൾക്കും അവസരം വേണമെന്ന ആവശ്യവുമായി സിപിഎം ലോക്കൽ സെക്രട്ടിയുടെ നേതൃത്വത്തിൽ സിഐടിയു പ്രവർത്തകർ എത്തുകയായിരുന്നു.

ഇവരെ നിലവിൽ മാർക്കറ്റിൽ കച്ചവടം നടത്തിവന്ന എസ്.ടി.യു വിഭാഗം തടഞ്ഞു. തുടർന്നുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘര്‍ഷസാധ്യത സാഹചര്യത്തില്‍ പ്രദേശം പോലീസ് നിരീക്ഷണത്തിലാണ്.