ന്യൂഡെൽഹി: ജമ്മു കശ്മീരിൽനിന്ന് പതിനായിരത്തോളം വരുന്ന പാരാമിലിറ്ററി ഉദ്യോഗസ്ഥരെ ഉടൻ പിൻവലിക്കും. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനു മുന്നോടിയായി കഴിഞ്ഞ വർഷം ഓഗസ്റ്റിലാണു കശ്മീരിൽ ഇവരെ വിന്യസിച്ചത്. അർധ സൈനിക ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ബുധനാഴ്ച വൈകിട്ടാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
100 കമ്പനി സിഎപിഎഫ് ഉദ്യോഗസ്ഥരെ ജമ്മു കശ്മീരിൽനിന്ന് അടിയന്തരമായി പിൻവലിക്കാനും നേരത്തേ നിയോഗിക്കപ്പെട്ട ഇടങ്ങളിലേക്ക് തിരിച്ചെത്തിക്കാനും തീരുമാനിച്ചെന്നാണ് ഉത്തരവിൽ പറയുന്നത്. കശ്മീരിൽ സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിന്റെ (സിഎപിഎഫ്) വിന്യാസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തിയതിനു പിന്നാലെയാണ് ഉദ്യോഗസ്ഥരെ പിന്‍വലിക്കുന്നതിനുള്ള തീരുമാനം എടുത്തത്.
ഉത്തരവ് പ്രകാരം 100 കമ്പനികളിൽ 40 എണ്ണം സിആര്‍പിഎഫ് ഉദ്യോഗസ്ഥരാണ്. 20 കമ്പനികൾ വീതം സിഐഎസ്എഫ്, ബിഎസ്എഫ്, സശസ്ത്ര സീമ ബെൽ ഉദ്യോഗസ്ഥരും. ഇവരെല്ലാം കശ്മീരിൽ എത്തുന്നതിനു മുൻപ് എവിടെയാണോ പ്രവർത്തിച്ചിരുന്നത് അവിടങ്ങളിലേക്കു പോകും. മേയിൽ കശ്മീരിൽനിന്ന് 10 സിഎപിഎഫ് കമ്പനികളെ ആഭ്യന്തര മന്ത്രാലയം പിൻവലിച്ചിരുന്നു. ഒരു കമ്പനിയിൽ 100 ഉദ്യോഗസ്ഥരാണുണ്ടാകുക.