പ്രതിഷേധത്തിനൊടുവിൽ സർക്കാർ മുട്ടുമടക്കി; ജൂനിയർ ഡോക്ടർമാരുടെ ശമ്പളവിതരണം നാളെ മുതൽ

തിരുവനന്തപുരം : പ്രതിഷേധത്തിനൊടുവിൽ ജൂനിയർ ഡോക്ടർമാർ കോടതിയെ സമീപിച്ചതോടെ ഇവരുടെ ശമ്പളക്കാര്യത്തിൽ സർക്കാർ തീരുമാനം. ഇതോടെ ആയിരത്തോളം വരുന്ന ജൂനിയർ ഡോക്ടർമാർക്ക് മുടങ്ങിയ ശമ്പളം നാളെ മുതൽ വിതരണം ചെയ്യാനും സർക്കാർ ഉത്തരവായി. എൻഎച്ച് എം ഡോക്ടർമാരുടെ അതേ സേവന വ്യവസ്ഥകൾ അനുസരിച്ച് ജൂനിയർ ഡോക്ടർമാരുടെ തസ്തിക നിർണയിച്ച് ഉത്തരവുമായി.

കൊറോണ പ്രതിരോധത്തിന് ആരോഗ്യ പ്രവർത്തകർക്കായി വേണ്ടതെല്ലാം നൽകുന്നുവെന്ന ആരോഗ്യമന്ത്രിയടക്കമുള്ളവരുടെ പ്രചാരണത്തിൻ്റെ പൊള്ളത്തരം വെളിവാക്കുന്നതായിരുന്നു ജൂനിയർ ഡോക്ടർമാരുടെ പ്രതിഷേധം.

40 ദിവസം ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാതെ പിപിഇ കിറ്റിനുള്ളിൽ നിന്ന് പ്രതിഷേധിച്ചുള്ള വീഡിയോക്കൊടുവിലാണ് വേതനം 42,000 രൂപയായി സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും സാലറി ലഭിച്ചില്ല. രജിസ്ട്രേഷൻ പൂർത്തിയാക്കിയ ഡോക്ടർമാരായിട്ടും തസ്തിക നിർണയിക്കുകയും ചെയ്തിരുന്നില്ല. ഇതിനാൽ തന്നെ കൃത്യമായ അവധിയോ കൊറോണ ഡ്യൂട്ടിയെടുക്കുന്നവർക്ക് ക്വറന്റീനോ ഇവർക്ക് ലഭിച്ചിരുന്നില്ല. ഒടുവിൽ നിവ്യത്തികെട്ട് ഡോക്ടർമാർ കോടതിയെ സമീപിക്കുകയായിരുന്നു.

കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന ജൂനിയർ ഡോക്ടർമാരോടുള്ള വിവേചനം സംബന്ധിച്ച കാര്യങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ പ്രഖ്യാപിച്ച ശമ്പളം പോലും ഇതുവരെ നൽകാത്തതിൽ സർക്കാരിനെതിരെ ജൂനിയർ ഡോക്ടർമാർ ഹൈക്കോടതിയെയും സമീപിച്ചു.

കൊറോണ പ്രതിരോധത്തിന്റെ പേരിൽ ചൂഷണം നേരിടുകയാണെന്നും തസ്തികയും സേവന വ്യവസ്ഥകളും നിർണയിക്കാൻ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു കോടതിയെ സമീപിച്ചത്. പിന്നാലെയാണ് സർക്കാർ നടപടി.