സത്‍ലജ്-യമുന കനാൽ നിർമ്മാണം പൂർത്തിയായാൽ പഞ്ചാബ് നിന്ന് കത്തുമെന്ന് മുഖ്യമന്ത്രി അമരീന്ദർ സിം​ഗ്

ഛണ്ഡീഗഢ്: സത്‍ലജ്-യമുന കനാൽ പദ്ധതി പൂർത്തിയാക്കി ഹരിയാനയുമായി ജലം പങ്കിടേണ്ട സാഹചര്യമുണ്ടായാൽ പഞ്ചാബ് നിന്ന് കത്തുമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി അമരീന്ദർ സിം​ഗ്. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാ‍ൽ ഘട്ടർ, കേന്ദ്രമന്ത്രി ​ഗജേന്ദ്ര സിം​ഗ് ഷെഖാവത്ത് എന്നിവർ ഉൾപ്പെടെയുള്ള വീഡിയോ കൂടിക്കാഴ്ചയിലാണ് അമരീന്ദർസിം​ഗിൻ്റെ താക്കീത്.

രാജ്യത്തിന്റെ ദേശീയ സുരക്ഷയെ ബാധിക്കുന്ന പ്രതിസന്ധിയായി വിഷയത്തെ പരി​ഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമായി ഈ വിഷയത്തെ പരി​ഗണിക്കണമെന്നും എസ് വൈ എല്ലുമായി മുന്നോട്ട് പോകാനാണ് തീരുമാനമെങ്കിൽ പഞ്ചാബ് കത്തുമെന്നും അത് ദേശീയ പ്രതിസന്ധിയായി മാറുമെന്നും അമരീന്ദർ പറഞ്ഞു. എസ്‍വൈഎൽ കനാൽ നിർമ്മാണം പൂർത്തീകരണവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് മുഖ്യമന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയത്.

യോ​ഗത്തിൽ ജലലഭ്യതയെക്കുറിച്ച് സമയബന്ധിതമായി വിലയിരുത്തുന്നതിനുള്ള ട്രൈബ്യൂണലിനുള്ള ആവശ്യം അമരീന്ദർ സിം​ഗ് ആവശ്യപ്പെട്ടു. അതേ സമയം ഹരിയാനയുമായി പ്രശ്നം ചർച്ച ചെയ്യാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

1966 ൽ പഞ്ചാബും ഹരിയാനയും നിലവിൽ വന്ന സമയം മുതൽ ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള ജലത്തർക്കം ആരംഭിച്ചിരുന്നു. 1975ൽ ഇന്ദിരാഗാന്ധി സർക്കാർ ഇരു സംസ്ഥാനങ്ങൾക്കുമായി ജലം പങ്കിടുന്നത് സുഗമമാക്കുന്നതിന് കനാൽ നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു.