അമേരിക്കയ്ക്ക് ലഭിച്ച ഏറ്റവും മോശം പ്രസിഡന്റാണ്​ ഡൊണാൾഡ്​ ട്രംപ്​ : മിഷേൽ ഒബാമ

വാഷിംഗ്ടൺ: ഡൊണാൾഡ്​ ട്രംപിനെ വിമർശിച്ച് മിഷേൽ ഒബാമ രം​ഗത്ത്. അമേരിക്കക്ക്​ ലഭിച്ച ഏറ്റവും മോശം പ്രസിഡന്റാണ്​ ഡൊണാൾഡ്​ ട്രംപെന്നാണ് മിഷേൽ ഒബാമ കുറ്റപ്പെടുത്തിയത്. മറ്റുള്ളവരോട്​ സഹാനുഭൂതി പ്രകടിപ്പിക്കാൻ കഴിവില്ലാത്ത പ്രസിഡന്റാണ്​ ട്രംപെന്നും മിഷേൽ പറഞ്ഞു.

യു.എസ് ഡെമോക്രാറ്റിക് നാഷനൽ കൺവെൻഷനെ അഭിസംബോധന ചെയ്​ത്​ സംസാരിക്കവെയാണ്​ മിഷേലിന്റെ പരാമർശം. രാജ്യത്തിൻെറ പൊതുനന്മയെ കരുതി നവംബറില്‍ നടക്കുന്ന പ്രസിഡന്റ്​ തെരഞ്ഞെടുപ്പില്‍ ട്രംപിനെ പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും മിഷേൽ പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ മാറ്റം സംഭവിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും മിഷേല്‍ വ്യക്തമാക്കി.

ഏതെങ്കിലും തരത്തിലുള്ള നേതൃത്വത്തിനോ ആശ്വാസത്തിനോ സ്ഥിരതക്കോ വേണ്ടി വൈറ്റ്​ ഹൗസിലേക്ക്​ ഉറ്റുനോക്കുമ്പോൾ നമുക്ക് കാണാനാകുന്നത്​ അരാജകത്വവും വിഭജനവും സമാനുഭാവത്തിന്റെ അഭാവമാണെന്നും മിഷേൽ ഒബാമ തുറന്നടിച്ചു. ട്രംപ് നമ്മുടെ രാജ്യത്തിന്റെ മോശം പ്രസിഡന്റാണെന്നും അവർ കൂട്ടിച്ചേർത്തു.