രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്തമഴ ; നിരവധി സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമായി

മുംബൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് പല സംസ്ഥാനങ്ങളിലും വെള്ളപ്പൊക്കവും ദുരിതങ്ങളും വർദ്ധിച്ചു. ഒരു മാസത്തിലേറെയായി പല സംസ്ഥാനങ്ങളിലും മഴ തുടരുകയാണ്. ബീഹാർ, ഒറീസ, രാജസ്ഥാൻ, ഉത്തർ പ്രദേശ്‌, അസാം, തെലുങ്കാന, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക സംസ്ഥാനങ്ങൾ ശക്തമായ വെള്ളപൊക്ക ഭീതിയിലാണ്.

ബീഹാറിൽ 16 ജില്ലകളെ വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചിട്ടുണ്ട്. 80 ലക്ഷത്തിലധികം ആളുകൾ ദുരിതമനുഭവിക്കുന്ന ഇവിടെ സ്ഥിതിഗതികൾ സങ്കീർണമായി തുടരുകയാണ്. ഗംഗയിലെ ജലനിരപ്പ് താഴാത്തത് ആശങ്കയ്ക്കിട നൽകുന്നു. ബാഗ്മതി, ബുർഹി ഗന്ധക്, പുൻപുൻ, ഖിരോയി, ഘാഗ്ര എന്നിവയുൾപ്പെടെ നിരവധി നദികൾ അപകടനിരപ്പിന് മുകളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ പരന്ന് ഒഴുകുകുകയാണ്. കനത്ത മഴയിൽ ഒഡീഷയുടെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. റോഡുകൾ തകർന്നു. വീടുകൾക്കും കൃഷികൾക്കും നാശനഷ്ടമുണ്ടായി. രണ്ട് പേർ മരിച്ചതായും അധികൃതർ അറിയിച്ചു

രാജസ്ഥാനിൽ ഏഴ് പേർ വെള്ളപ്പൊക്കത്തിൽ മുങ്ങിമരിച്ചു. കനത്ത മഴയുടെ സാധ്യത കണക്കിലെടുത്ത് 20 ജില്ലകളിൽ സംസ്ഥാന ദുരന്ത പ്രതികരണ സേന (എസ്ഡിആർഎഫ്) ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. 

ഉത്തർപ്രദേശിൽ 15 ജില്ലകളിൽ വെള്ളപ്പൊക്കമുണ്ടായി. നിരവധി നദികൾ കരകവിഞ്ഞൊഴുകുകയാണ്. ലഖിംപൂർ ഖേരിയിലെ പാലിയയും കലാനിലെ ഷാർദ നദിയും സരയുവും ബറാബങ്കിയുടെ എൽജിൻ ബ്രിഡ്ജിലെ ഘാഗ്രയും, അയോദ്ധ്യയും ബല്ലിയയുടെ തുർട്ടിപാറും അപകടനില കവിഞ്ഞ് ഒഴുകുകയാണ്.

ആന്ധ്ര പ്രദേശിൽ ഗോദാവരി നദി കരകവിഞ്ഞ് ഒഴുകുകയാണ്. പടിഞ്ഞാറൻ ഗോദാവരി ജില്ലയിലെ 55 ഗ്രാമങ്ങളും കിഴക്കൻ ഗോദാവരി ജില്ലയിലെ നൂറോളം ഗ്രാമങ്ങളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. 

കർണാടകയിലെ വടക്കൻ പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീതിയിലാണ്.  കൃഷ്ണ തടത്തിന്റെ പരിധിയിൽ വരുന്ന ജില്ലകൾ ജലനിരപ്പ് ഉയരുന്നത് ഭീഷണിയിട്ടുണ്ട്.  ബെലഗാവി ജില്ലയിലെ നിരവധി സ്ഥലങ്ങൾ വെള്ളത്തിൽ മുങ്ങി. ഗഡാഗ്, ബാഗൽകോട്ടെ, ധാർവാഡ് എന്നിവിടങ്ങളിൽ താഴ്ന്ന പ്രദേശങ്ങളും റോഡുകളും പാലങ്ങളും വിളകളും വെള്ളത്തിനടിയിലാണ്.

വടക്കുകിഴക്കൻ സംസ്ഥാനമായ അസമിലെ മൂന്ന് ജില്ലകളായ ധേമാജി, ലഖിംപൂർ, ബക്സ എന്നിവ ഇപ്പോഴും വെള്ളത്തിനടിയിലാണ്. 11,900 പേർ വെള്ളപ്പൊക്കത്തിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്.

രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ കനത്ത മഴ തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.