ഇന്ത്യയിൽ കൊറോണ പ്രതിരോധ വാക്സിൻ പരീക്ഷണം മൂന്നാം ഘട്ടത്തിലേക്ക്

ന്യൂഡെൽഹി: ഇന്ത്യയിൽ കൊറോണ പ്രതിരോധ മരുന്നുകളുടെ പരീക്ഷണം പുരോഗമിക്കുകയാണെന്ന് നീതി ആയോഗ് അംഗം വി കെ പോൾ അറിയിച്ചു. നിലവിൽ മൂന്നു കമ്പനികളുടെ പരീക്ഷണമാണ് പുരോ​ഗമിക്കുന്നത്. ഒരു കമ്പനിയുടെ പരീക്ഷണം വരും ദിവസങ്ങളിൽ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ മരുന്നിന്റെ പരീക്ഷണം നിരീക്ഷിക്കുന്ന വിദഗ്ധ സമിതിയുടെ ചെയർമാനാണ് വി കെ പോൾ. മരുന്നുകളുടെ മൂന്നാംഘട്ട പരീക്ഷണം നീണ്ട പ്രക്രിയയാണ്.

കൊറോണ രോ​ഗം വേറൊരു തലത്തിലേക്ക് കടക്കുകയാണ്. ആരോ​ഗ്യ ശാസ്ത്ര വിദ​ഗ്ധർ ഇതെക്കുറിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. വളരെക്കാലത്തിനു ശേഷവും ഇതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാമെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. എന്നാൽ, കാര്യങ്ങൾ ഇപ്പോൾ അത്രയധികം അപകടകരമല്ലെന്നും വി കെ പോൾ പറഞ്ഞു.

അതേസമയം, കൊറോണ വൈറസ് രോ​ഗമുക്തി നേടിയവർ മുൻകരുതൽ എടുക്കണമെന്ന് ആരോ​ഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. പല രീതിയിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ ചിലരിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ശ്വാസതടസ്സവും അണുബാധയും പലർക്കും അനുഭവപ്പെടുന്നുണ്ട്. ഇതിനുള്ള മുൻകരുതൽ എടുക്കണമെന്നും ആരോ​ഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു.