തിരുവനന്തപുരം: എൻഐഎ ആവശ്യപ്പെട്ട് ഒരു മാസം പിന്നിട്ടിട്ടും സ്വർണക്കടത്ത് കേസിലെ അന്വേഷണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ കൈമാറാതെ സർക്കാരിന്റെ ഒളിച്ചുകളി. മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണവകുപ്പാണ് ദൃശ്യങ്ങള്‍ കൈമാറാനുള്ള നടപടി സ്വീകരിക്കാതെ വിചിത്രമായ ന്യായങ്ങൾ നിരത്തുന്നത്. സെക്രട്ടേറിയറ്റിലെ ഭരണനുകൂല സംഘടനാ നേതാവാണ് ദൃശ്യങ്ങള്‍ കൈമാറാതെ ഒത്തുകളി നടത്തുന്നത്. എന്നാൽ ഇതിനു പിന്നിൽ ഉന്നത ഇടപെടലുണ്ടെന്ന സൂചനയും പുറത്ത് വരുന്നുണ്ട്.
എല്ലാം സുതാര്യമാണെന്ന് വെല്ലുവിളിക്കുന്നവർ തന്നെ ഒന്നുമറിയാത്ത രീതിയിൽ സിസിടിവി ദൃശ്യങ്ങൾ നൽകാത്തതാണ് കൂടുതൽ സംശയങ്ങൾക്ക് ഇട നൽകുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതികള്‍ക്ക് സെക്രട്ടേറിയറ്റിലുള്ള സ്വാധീനത്തിന്‍റെ തെളിവുതേടിയാണ് സിസിസിടിവി ദൃശ്യങ്ങള്‍ എൻഐഎ ആവശ്യപ്പെട്ടത്. സ്വപ്നയും സരിത്തും സെക്രട്ടറിയേറ്റിൽ സ്ഥിരമായി വന്നിരുന്നോ, ഏത് ഓഫീസിലായിരുന്നു പോയിരുന്നത്. സെക്രട്ടേറിയറ്റിൽ പ്രവേശിക്കാൻ ആരെങ്കിലും സഹായം നൽകിയിരുന്നോ തുടങ്ങിയ കാര്യങ്ങളുടെ തെളിവ് തേടിയാണ് ദൃശ്യങ്ങള്‍ ചോദിച്ചത്.
കഴിഞ്ഞ മാസം 17നാണ് പൊതുഭരണ അഡീഷണൽ സെക്രട്ടറിയും സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷൻ പ്രസിഡന്‍റുമായ പി ഹണിക്ക് എന്‍ഐഎ നോട്ടീസ് നൽകിയത്. കഴിഞ്ഞ ഒരു വർഷത്തെ ദൃശ്യങ്ങള്‍ നൽകാനായിരുന്നു നോട്ടീസ്. നോട്ടീസിൽ തുടർനടപടി സ്വീകരിക്കാൻ അഡീഷണൽ സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി നിർദ്ദേശവും നൽകി. പക്ഷെ ദൃശ്യങ്ങള്‍ പകർത്താനായുള്ള ഒരു നടപടിയും ഉണ്ടായില്ല.
വിദേശത്തു നിന്ന് പ്രത്യേക ഹാർഡ് ഡിസക്ക് വരുത്തണമെന്നും ഇതിനുവേണ്ടി സമയം നീട്ടിചോദിക്കുമെന്നാണ് പൊതുഭരണവകുപ്പ് ഇതിനു മുമ്പ് പറഞ്ഞ വിശദീകരണം. എൻഐഎക്ക് സെക്രട്ടേറിയറ്റിലെ ഹാർഡ് ഡിസ്ക്ക് നേരിട്ടെത്തി പരിശോധിക്കാമെന്ന് രേഖാമൂലം അറിയിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.
പക്ഷെ ഒരു വിശദീകരണവും ഇതുവരെ പൊതുഭരണവകുപ്പ് എൻഐഎക്ക് നൽകിയിട്ടില്ലെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരായ തെളിവുകള്‍ അട്ടിമറിക്കാൻ ഭരണാനുകൂല സംഘടനാ നേതാവു വഴി നീക്കം നടക്കുന്നുണ്ടെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.