ലോകത്ത് കൊറോണ ബാധിതർ രണ്ടേകാല്‍ കോടിയിലേക്ക്; പ്രതിദിന രോഗബാധയിൽ ഇന്ത്യ മുന്നിൽ

വാഷിംഗ്ടൺ: ലോകത്ത് കൊറോണ രോഗികളുടെ എണ്ണം രണ്ടേകാല്‍ കോടിയിലേക്ക്. ഇതുവരെ 2,20,36,149 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേ സമയം ലോകത്തെ ആശങ്കയിലാക്കി രോഗവ്യാപനം വര്‍ധിക്കുകയാണ് .

ലോകത്ത് ഇതുവരെയായി 7,76,856 പേര്‍ക്ക് കൊറോണ ബാധിച്ച് ജീവന്‍ നഷ്ടമായി. ചികില്‍സയിലുള്ളവരില്‍ 62,037 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. അതേസമയം 1,47,75,275 പേര്‍ രോഗമുക്തരായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

ലോകത്ത് കൊറോണ രോഗവ്യാപനം ഏറ്റവും രൂക്ഷമായ അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 56,11,631 ആയി. 40,216 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 561 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 1,73,710 ആയി.

പട്ടികയില്‍ രണ്ടാമതുള്ള ബ്രസീലില്‍ രോഗബാധിതര്‍ 33,63,235 ആയി. 23,038 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണം 1,08,654 ആയി ഉയര്‍ന്നു. മൂന്നാമതുള്ള ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 55,079 പേർക്ക് കൊറോണ സ്ഥിരീകരിച്ചതോടെ പ്രതിദിന രോഗബാധ ഏറ്റവും കൂടിയ രാജ്യമായി ഇന്ത്യ തുടരുന്നു. ഇന്ത്യൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം രോഗികളുടെ എണ്ണം 27,02,743 ആണ്.