കൊച്ചി: സ്വർണ്ണക്കള്ളകടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചുമത്തിയ കേസില്‍ സ്വപ്ന സുരേഷ് നല്‍കിയ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം കേള്‍ക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസ്. കള്ളക്കടത്തിന് പിന്നിലെ ഹവാല ,ബിനാമി ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലുമാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.
എന്നാല്‍ ഇതിലൊന്നിലും തനിക്ക് ബന്ധമില്ലെന്ന് സ്വപ്ന വാദിക്കുന്നു. ലോക്കറില്‍ നിന്ന് പിടിച്ചെടുത്തത് ലൈഫ് മിഷന്‍ പദ്ധതി വഴി ലഭിച്ച കമ്മീഷന്‍ തുകയാണെന്നും കമ്മീഷൻ വാങ്ങുന്നത് നിയമവിരുദ്ധ നടപടിയല്ലെന്നുമാണ് വാദം. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാണ് സ്വപ്നയുടെ ആവശ്യം.
അതേസമയം സ്വപ്നാ സുരേഷിന് നെഞ്ചുവേദന അനുഭവപ്പെട്ടു. തിങ്കളാഴ്ച വെളുപ്പിനാണ് അവർക്ക് നെഞ്ചു വേദനയുണ്ടായത്. ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.
ഇസിജിയിൽ ചെറിയ വ്യതിയാനം കണ്ടതായി സ്വപ്നയുടെ അഭിഭാഷകൻ ജിയോ പോൾ കോടതിയിൽ അറിയിച്ചു. എറണാകുളം ജനറൽ ആശുപത്രിയിലാണ് അവരെ ചികിത്സയ്ക്കായി എത്തിച്ചത്.
സ്വപ്നയെ കാക്കനാട് ജില്ലാ ജയിലിലേക്ക് 26 വരെ റിമാൻഡ് ചെയ്ത പ്രിൻസിപ്പൽ സെഷൻസ് കോടതി, എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദ്രോഗവിഭാഗത്തിൽ ചികിത്സ നൽകാൻ ഉത്തരവിടുകയായിരുന്നു. സ്വപ്നയുടെ ആരോഗ്യസ്ഥിതിയിൽ പ്രത്യേക ശ്രദ്ധവേണമെന്ന് ജയിൽ സൂപ്രണ്ടിന് നിർദേശവും നൽകി. സ്വപ്നയ്ക്കു പുറമേ പിഎസ് സരിത്ത്, സന്ദീപ് നായർ എന്നിവരേയും 26 വരെ റിമാൻഡ് ചെയ്തു.