കരിപ്പൂരിൽ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പത്തു പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

മലപ്പുറം: കരിപ്പൂര്‍ വിമാനപകടത്തെ തുടർന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പത്തുപേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. നെടിയിരിപ്പ് സ്വദേശികളായ ആറുപേര്‍ക്കും നാല് കൊണ്ടോട്ടിക്കാര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്.

മൂന്ന് പേര്‍ക്ക് ഞായറാഴ്ച രോഗം കണ്ടെത്തിയിരുന്നു. വിമാന അപകടം റിപ്പോർട്ട് ചെയ്ത ഒരു മാധ്യമ പ്രവർത്തകനും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. സ്ഥലത്തെത്തിയ രണ്ട് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്കും രോഗം കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് മീഞ്ചന്ത ഫയർ സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്കാണ് നേരത്തെ കൊറോണ സ്ഥിരീകരിച്ചത്.

കരിപ്പൂരില്‍ അപകടത്തിന് ഇടയാക്കിയ വിമാനത്തില്‍ സഞ്ചരിച്ചിരുന്ന യാത്രക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെട 150 ഓളം പേരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചിരുന്നു. ഈ മാസം ഏഴിനായിരുന്നു വിമാനപകടം. വിമാനപകടത്തെ തുടര്‍ന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് കഴിഞ്ഞദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കൊറോണ സ്ഥിരീകരിച്ചത്.

ജില്ലാ കളക്ടർക്ക് കൊറോണ സ്ഥിരീകരിച്ചതോടെ, കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ഏതാനും മന്ത്രിമാരും നിരീക്ഷണത്തില്‍ കഴിയുകയാണ്.

അതേസമയം മലപ്പുറത്ത് കൊറോണ വ്യാപനം രൂക്ഷമായി തുടരുകയാണ്. വേങ്ങര ജനതാ ബസാറിലെ സൂപ്പര്‍മാര്‍ക്കറ്റിലെ ഏഴു ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഏഴ് മുതല്‍ 17 വരെയുളള കാലയളവില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.