എല്ലാം മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി ശിവശങ്കറിൻ്റെ നിർദ്ദേശപ്രകാരം; മൂന്നു പ്രാവശ്യം ശിവശങ്കറിനൊപ്പം വിദേശയാത്ര നടത്തി: സ്വപ്ന

കൊച്ചി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വിഷയവുമായി ബന്ധപ്പെട്ട് 2018 ഒക്ടോബറിൽ യാത്ര ചെയ്തിരുന്നതായി സ്വർണ്ണക്കടത്തു കേസിലെ പ്രതി സുരേഷിന്റെ മൊഴി. പ്രളയദുരിതാശ്വാസ സഹായം തേടി അഞ്ചുദിവസം നീണ്ട ഗള്‍ഫ് സന്ദര്‍ശനത്തിനിടെ, സ്വപ്‌നയുടെ പല കൂടിക്കാഴ്ചകളും സംശയാസ്പദമാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു. എം ശിവശങ്കറിനെ കൂടുതൽ കുരുക്കിലാക്കുന്നതാണ് സ്വപ്നയുടെ മൊഴി.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ പി രാധാകൃഷ്ണന്‍ കൊച്ചിയിലെ സാമ്പത്തികകാര്യങ്ങള്‍ക്കായുള്ള പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച നാലുപേജുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വലിയ സ്വാധീനമാണ് സ്വപ്‌നയ്ക്ക് ഉണ്ടായിരുന്നതെന്നും എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിൽ താൻ മൂന്നു പ്രാവശ്യം ശിവശങ്കറിനൊപ്പം വിദേശയാത്ര നടത്തിയിട്ടുണ്ടെന്നും ശിവശങ്കറിന്റെ നിർദേശപ്രകാരമാണ് സ്വർണം ലോക്കറിൽ സൂക്ഷിച്ചതെന്നും വെളിപ്പെടുത്തിയിരിക്കുന്നത്.

2017ൽ സ്വപ്ന ഒമാനിലേക്ക് ശിവശങ്കറിനൊപ്പം യാത്ര ചെയ്തിരുന്നു. അതിനുശേഷമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വിഷയവുമായി ബന്ധപ്പെട്ട് 2018 ഒക്ടോബറിലെ യാത്ര. ഇത് നേരത്തെയും വ്യക്തമായിരുന്നു. എന്നാൽ 2018 ഏപ്രിലിൽ ഇരുവരും ഒരുമിച്ച് യാത്ര ചെയ്തത് എൻഫോഴ്സ്മെന്റ് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇക്കാര്യം അവർക്ക് ചോദ്യം ചെയ്യലിൽ സമ്മതിക്കേണ്ടി വന്നു.

അതേസമയം സ്വപ്ന സ്വർണക്കടത്ത് കേസിൽ പിടിയിലാകും മുമ്പ് വിദേശ കറൻസി രാജ്യത്തിന് പുറത്തെത്തിക്കുന്നതിന് എം. ശിവശങ്കറിന്റെ സഹായം തേടിയിരുന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ജൂണിൽ വിദേശത്തേക്കു പോയ വന്ദേഭാരത് വിമാനങ്ങളിൽ അഞ്ച് വിദേശികൾക്ക് ടിക്കറ്റ് ഉറപ്പാക്കാൻ സ്വപ്ന ശിവശങ്കറിന്റെ സഹായം തേടിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ശിവശങ്കർ വിമാനക്കമ്പനിയോട് ഇക്കാര്യം നേരിട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വിദേശലോക്ഡൗണിൽ കുടുങ്ങിയ യുഎഇ പൗരൻമാരെ കയറ്റിവിടാനാണ് സഹായിച്ചത് എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. എന്നാൽ കയറിപ്പോയത് വിദേശികളല്ലെന്നാണ് കണ്ടെത്തയിട്ടുള്ളത്. എട്ട് ബാഗേജുകളും ഇവർ കടത്തിയിട്ടുണ്ടെന്നും കാര്യമായ പരിശോധനയില്ലാതെയാണ് ഇത് കടത്തിയതെന്നും വ്യക്തമായിട്ടുണ്ട്.

ഓഗസ്റ്റ് 13 ന് നടത്തിയ ചോദ്യം ചെയ്യലില്‍ സ്വപ്‌ന മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ചില വസ്തുകള്‍ വെളിപ്പെടുത്തിയിരുന്നു. സ്വപ്‌നയുടെ പ്രവര്‍ത്തനങ്ങള്‍ വഴിവിട്ടതാണെന്ന് ശിവശങ്കറിന് അറിയാമായിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെയും, കേസില്‍ പ്രതികളായ സരിത്ത്, സന്ദീപ് നായര്‍ തുടങ്ങിയവരേയും വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2018ന് ശേഷം നടന്ന യാത്രകളിലാണ് സ്വര്‍ണം ഡിപ്ലോമാറ്റിക് ബാഗുകള്‍ വഴി കേരളത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പ്രതികളുടെ റിമാൻറ് കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ നൽകിയ റിപ്പോട്ടിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. സ്വപ്ന, സന്ദീപ് ,സരിത് എന്നിവരെ ഈ മാസം 26 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.