കൊറോണ വ്യാപനം; ന്യൂ​സി​ലാൻ​ഡി​ൽ പൊ​തുതെ​ര​ഞ്ഞെ​ടു​പ്പ് ഒക്ടോബറിലേക്ക് മാറ്റി

വെ​ല്ലിം​ഗ്ട​ൺ: കൊറോണ വ്യാപനത്തിൻ്റെ പശ്ചാതലത്തിൽ ന്യൂ​സി​ലാൻ​ഡി​ലെ പൊ​തുതെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റിവ​ച്ച​താ​യി പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ത ആ​ര്‍​ഡന്‍. സെ​പ്റ്റം​ബ​ര്‍ 19 ന് നടത്താനിരുന്ന തെരഞ്ഞെടുപ്പ് ഒക്ടോ​ബ​ര്‍ 17ലേക്ക് മാറ്റിയതായി ജസീന്ത വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.

ഇനി തീരു​മാ​ന​ത്തി​ല്‍ മാ​റ്റ​മുണ്ടാകില്ലെ​ന്നും പാ​ര്‍​ട്ടി​ക​ള്‍​ക്ക് പ്ര​ചാ​ര​ണം ന​ട​ത്താ​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് തയ്യാറെടുപ്പ് ന​ട​ത്താ​ൻ ആവശ്യത്തിന് സ​മ​യമുണ്ടെ​ന്നും ജ​സീ​ന്ത ആ​ര്‍​ഡേ​ന്‍ പ​റ​ഞ്ഞു.വിവിധ പാർട്ടി നേതാക്കളുമായി ചർച്ച നടത്തിയ ശേഷമാണ് തെരഞ്ഞെടുപ്പ് മാറ്റിവച്ച് പുതിയ തിയതി പ്രഖ്യാപിച്ചത്.

പ്രധാനമന്ത്രി ജസീന്ത ആർഡൻ്റെ ലേബർ പാർട്ടി തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് കഴിഞ്ഞ ദിവസത്തെ അഭിപ്രായ വോട്ടെടുപ്പ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ കൊറോണ വ്യാപനത്തിൻ്റെ പേരിൽ വോ​ട്ടെ​ടു​പ്പ് മാ​റ്റിവ​യ്ക്കു​വാ​ന്‍ രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളു​ടെ​യും സ​ഖ്യ​ക​ക്ഷി​ക​ളു​ടെ​യും സ​മ്മ​ര്‍​ദ്ദം പ്ര​ധാ​ന​മ​ന്ത്രി ജസീന്തയ്ക്കു നേരിടേണ്ടി വന്നു.

102 ദിവസത്തിനുശേഷം ന്യൂ​സി​ലാൻ​ഡി​ൽ കൊറോണ കേ​സു​ക​ള്‍ ഉണ്ടാകുകയും ഇവിടെ ലോക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കൊറോണ പോസിറ്റീവ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് അധികൃതരും അറിയിച്ചിരുന്നു.

ഞായറാഴ്ച ന്യൂസിലാന്റിൽ ആകെ 69 സജീവ കേസുകളാണ് ഉണ്ടായിരുന്നത്. മാറിയ സാഹചര്യത്തിൽ മാസ്കുകളുടെ വിതരണം ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും അവ നിലവിൽ നിർബന്ധമല്ലെന്നും. ആരോഗ്യമന്ത്രി ജോൺ ഹിപ്കിൻസ് ഞായറാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു,