തിരുവനന്തപുരം: മൊബൈൽ മോഷണത്തിന് കസ്റ്റഡിയിലെടുത്തയാളെ ഫോർട്ട് പോലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൊബൈൽ മോഷണത്തിന് പോലീസ് കസ്റ്റഡിയിലെടുത്ത അൻസാരിയാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസിനെ ഏൽപ്പിച്ചത്.
ഫോർട്ട് പോലീസ് സ്റ്റേഷനിലെ ശിശുസൗഹൃദ കേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടത്തിൽ അൻസാരിയെ ഇരുത്തുകയായിരുന്നു. എന്നാൽ രാത്രി ഏഴരയോടെ അവിടെ ശുചിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ട ഇയാളെ പോലീസ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ സംഭവത്തിൽ അസ്വാഭാവികത ഉണ്ടോ എന്നറിയാനാകൂ.