പാലക്കാട്. വാണിയംകുളം മനിശ്ശേരിയിൽ അംഗനവാടി കെട്ടിടം നിർമ്മിക്കാൻ സൗജന്യമായി സ്ഥലം വിട്ടു നൽകിയ കുടുംബത്തിലെ വനിതക്ക് ആശ്രിത നിയമന പ്രകാരം ഒരു മാസത്തിനകം അംഗനവാടി വർക്കറായി നിയമനം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
മാണിശ്ശേരി സ്വദേശിനി കെ വി. ഉമാദേവിക്ക് നിയമനം നൽകാനാണ് കമ്മീഷൻ അംഗം വി കെ. ബീനാകുമാരി ഉത്തരവിട്ടത്. 2001-02 കാലത്താണ് ഇവരുടെ ഭർത്താവ് മൂന്ന് സെന്റ് സ്ഥലം അംഗനവാടിക്ക് വിട്ടു നൽകിയത്.
കമ്മീഷൻ വനിതാ ശിശു വികസന ഡയറക്ടറിൽ നിന്നും റിപ്പോർട്ട് വാങ്ങി. 2019 സെപ്റ്റംബർ 6 ന് ഉമാദേവിക്ക് ആശ്രിതർക്കുള്ള നിയമനത്തിൽ പ്രായപരിധിയിൽ ഇളവ് നൽകിയതായി പറയുന്നു.നടപടി ക്രമങ്ങൾ പൂർത്തിയാക്കി 2020 ൽ വരുന്ന നാല് ഒഴിവിൽ രണ്ടാമതായി നിയമനം നൽകാമെന്നും റിപ്പോർട്ടിലുണ്ട്.
പരാതിക്കാരി നിയമനത്തിന് അപേക്ഷ നൽകിയപ്പോൾ 34 വയസ്സായിരുന്നുവെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പരാതിക്കാരിയുടെ പ്രായ പരിധിയിൽ ഇളവ് നൽകിയത് നിയമാനുസ്യതമാണെന്ന് കമ്മീഷൻ കണ്ടെത്തി. പരാതിക്കാരിക്ക് നിയമനം നൽകിയ ശേഷം രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. വനിതാ ശിശു വികസന ഡയറക്ടർക്കാണ് നിർദ്ദേശം നൽകിയത്.