തിരുവനന്തപുരം: പിണറായി സർക്കാരിൻ്റെ ഭരണ കാലാവധി അവസാനിക്കാൻ മാസങ്ങൾ ബാക്കി നിൽക്കെ സർക്കാർ കടുംവെട്ടിന്. കൊറോണ മറയാക്കി തിരിമറി പതിവാക്കിയ സർക്കാർ സർവ്വകലാശാലകളിൽ ഓൺലൈനിലൂടെ 380 അധ്യാപകരെ നിയമിക്കാൻ തിരക്കിട്ട് നീക്കം. കൊറോണ വ്യാപനത്തിൻ്റെ പശ്ചാതലത്തിൽ കോളജുകൾ അടഞ്ഞുകിടക്കുമ്പോഴാണ് പ്രതിവർഷം 80 കോടി രൂപയുടെ അധികച്ചെലവ് വരുന്ന പകൽകൊള്ളയ്ക്ക് സർക്കാരിൻ്റെ തിരക്കിട്ട നീക്കം.
ഓൺലൈൻ ഇന്റർവ്യൂ ചട്ടങ്ങൾ നിലവിലില്ലാതു കൊണ്ട് നിയമനങ്ങൾ നിർത്തിവയ്ക്കണമെന്ന് കേന്ദ്ര മന്ത്രാലയത്തെ മറികടന്നാണ് തിരക്കിട്ട് നിയമനനീക്കം.
തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് നിയമനങ്ങൾക്ക് വേഗതകൂട്ടാൻ വിസി മാർക്ക് വിവാദനായകനായ ഉന്നത വിദ്യാഭ്യാസമന്ത്രി കെ ടി ജലീലാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ നിലവിൽ വരും മുമ്പു തന്നെ എല്ലാ നിയമനങ്ങളും പൂർത്തിയാക്കാനാണ് പദ്ധതി ഇട്ടിരിക്കുന്നത്. സംവരണം വ്യാപകമായി അട്ടിമറിച്ചാണ് നിയമനങ്ങൾക്ക് പദ്ധതിയിട്ടിരിക്കുന്നത്.
സർക്കാർ- എയ്ഡഡ് കോളേജുകളിലെ രണ്ടായിരത്തോളം അധ്യാപക തസ്തികകൾ വെട്ടിക്കുറച്ച സർക്കാർ സർവകലാശാലകളിൽ വ്യാപകമായി തിരക്കിട്ട് അധ്യാപക നിയമനത്തിന് കളമൊരുക്കി കഴിഞ്ഞു. കൊറോണയുടെ മറവിൽ ഓൺലൈനിലൂടെ സെലക്ഷൻ കമ്മിറ്റി വിളിച്ചുകൂട്ടിയാണ് തെരഞ്ഞെടുപ്പ്. കുസാറ്റും കണ്ണൂർ സർവ്വകലാശാലയും ഓൺലൈൻ കൂടിക്കാഴ്ച യിലൂടെ നിയമനങ്ങൾ ആരംഭിച്ചു.
ഓൺലൈൻ ഇൻറർവ്യൂ നടത്തുന്നതിന് സർവകലാശാലകളുടെ നിലവിലെ ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടില്ലാത്തതുകൊണ്ടു വ്യക്തമായ ചട്ടങ്ങൾ ഉണ്ടാക്കാതെ ഇത്തരം കൂടിക്കാഴ്ചകൾ നടത്തി അധ്യാപക നിയമനങ്ങൾ നടത്തരുതെന്നും നടത്തിയിട്ടുള്ള ഓൺലൈൻ നിയമനങ്ങൾ റദ്ദാക്കണമെന്നും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. അധ്യാപകരെ നിയമിക്കുന്നതിനുള്ള അധികാരം സർവകലാശാല സിൻഡിക്കേറ്റുകൾക്കാണ്.
കേരള സർവകലാശാലയിൽ വിജ്ഞാപനം ചെയ്ത 110 ഒഴിവുകളിൽ 53 തസ്തികകളിൽ ഇതിനകം നിയമനങ്ങൾ നടത്തി കഴിഞ്ഞു. ഉയർന്ന യോഗ്യതകളുണ്ടായിരുന്ന നിരവധി ഉദ്യോഗാർഥികളെ അവഗണിച്ച് സിപിഎമ്മിന്റെ മുൻ എംപി പികെ ബിജുവിൻ്റെ ഭാര്യയ്ക്ക് നിയമനം നൽകിയതുൾപ്പടെ നടന്ന നിയമനങ്ങൾ വിവാദ മായിരിക്കുകയാണ്.എംജി യിലെ 71 ഒഴിവുകളിൽ 42 ഉം, കണ്ണൂർ 22ഒഴിവുകളിൽ 6 ഉം ഇതിനകം നികത്തി.
കൊറോണ കാലത്ത് ഓൺലൈനിലൂടെയുള്ള പഠനമായതുകൊണ്ട് അധ്യാപകരുടെ ജോലിഭാരം തുലോം കുറവാണ്. അതുകൊണ്ട് അധ്യാപക നിയമനങ്ങൾ അനിവാര്യമല്ല.
പരമാവധി സിപിഎം അനുഭാവികളെയും ഉന്നത സ്വാധീനമുള്ളവരെയും നിയമിക്കുക എന്ന ഉദ്ദേശത്തോടെയാണ് നിയമവിരുദ്ധമായി ഓൺലൈനിലൂടെ നിയമനങ്ങൾ നടത്തുന്നതെന്ന ആക്ഷേപം ശക്തമാണ്
കേരള സർവ്വകലാശാലയിൽ 57, കുസാറ്റിൽ 104, കാലിക്കട്ടിൽ 116, കണ്ണൂരിൽ 16, സംസ്കൃത സർവ്വകലാശാലയിൽ 56,എംജിയിൽ 31 ഉൾപ്പടെ 380 നിയമനങ്ങൾക്ക് 80 കോടി രൂപ പ്രതിവർഷം അധികച്ചെലവുണ്ടാകും.
സംവരണതത്വം പൂർണമായും അട്ടിമറിച്ചുകൊണ്ടും മുൻ സംവരണകുറവ് പരിഹരിക്കാതെയുമാണ് കുസാറ്റിലും കാലിക്കറ്റിലും കേരളയിലും നിയമന അപേക്ഷ വിജ്ഞാപനങ്ങൾ തന്നെ പുറപ്പെടുവിച്ചത്.
ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേ ശമനുസരിച്ച് തിരക്കുപിടിച്ച് സർവ്വകലാശാലകൾ നടത്തുന്ന ചട്ടവിരുദ്ധമായ ഓൺലൈൻ നിയമനങ്ങളിൽ വ്യാപകമായ സ്വജനപക്ഷപാതത്തിനും ക്രമക്കേടിനും സാധ്യതയുള്ളതുകൊണ്ട് നിയമങ്ങൾ നിർത്തിവെക്കാൻ വൈസ് ചാൻസിലർമാര്ക്ക് അടിയന്തിര നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ R.S.ശശികുമാറും സെക്രട്ടറി M.ഷാജർഖാനും ഗവർണർക്ക് നിവേദനം നൽകി.