തിരുവനന്തപുരം: വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് മത്സ്യം വാങ്ങാനെത്തുന്നവരും വിൽക്കുന്നവരും തമ്മിൽ ഇനി സംസാരം പാടില്ല. കൊറോണ പ്രതിരോധ നടപടിയുമായി ബന്ധപ്പെട്ട് പൊലീസ് നടപ്പാക്കുന്ന മൂക മാർക്കറ്റ് എന്ന ആശയത്തിന്റെ ഭാഗമായാണ് സംസാരം വിലക്കിയത്.
ഇവിടെ മത്സ്യം വാങ്ങാനെത്തുന്നവരും വിൽക്കുന്നവരും തമ്മിൽ സംസാരം പാടില്ലെന്നും വില പേശലിനു പകരം പ്രദർശിപ്പിച്ചിട്ടുള്ള വില നൽകി മത്സ്യം വാങ്ങണമെന്നുമാണ് നിർദേശം. കൊറോണ മഹാമാരിയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശാനുസരണം വിഴിഞ്ഞം പൊലീസാണ് പ്രദേശത്ത് ഇതാദ്യമായി മൂക മാർക്കറ്റ് എന്ന ആശയം ഇന്നു മുതൽ നടപ്പാക്കുന്നത്.
മത്സ്യം വാങ്ങാനെത്തുന്നവർ ആവശ്യാനുസരണം പണം ചില്ലറയായി കൊണ്ടുവരണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും നിർദ്ദേശമുണ്ട്. നിർദേശങ്ങളടങ്ങിയ അറിയിപ്പു ബോർഡ് പ്രദേശത്ത് ഇന്ന് സ്ഥാപിക്കുമെന്ന് വിഴിഞ്ഞം പൊലീസ് വ്യക്തമാക്കി.