സിആർപിഎഫ് ഡപ്യൂട്ടി കമാൻ്റൻഡിൻ്റെ വീട്ടിലേക്ക് അയൽവാസി മലിനജലമൊഴുക്കുന്നു; വയോധിക ദുരിതത്തിൽ

പെരുമ്പാവൂർ: അയൽവാസി മലിനജലമൊഴുക്കുന്നത് സിആർപിഎഫിൽ ഡപ്യൂട്ടി കമാൻ്റൻഡ് ആയ നിഷയുടെ വീട്ടിലേക്ക്. മഴ പെയ്താലും ഇല്ലെങ്കിലും 68 വയസുള്ള നിഷയുടെ അമ്മ ഓമന താമസിക്കുന്ന വീട്ടിൽ വെള്ളം കയറും. വയോധിക ആണെന്ന പരിഗണന പോലും നൽകാതെ അയൽവാസിയുടെ പിടിവാശിക്കു മുമ്പിൽ പകച്ചു നിൽക്കുകയാണ് ഇവർ.

വെങ്ങോല പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് എരപ്പ് ജംഗ്ഷനിലാണ് ഓമന താമസിക്കുന്നത്.അയൽവാസി മതിലിൻ്റെ ഭിത്തി തുരന്ന് മലിനജലം ഒഴുക്കുന്നത് ഇവരുടെ വീട്ടിലേക്കാണ്. അതും കിണറിന് സമീപത്തുകൂടെ. മഴ പെയ്തില്ലെങ്കിലും വീടിനു ചുറ്റും ഇപ്പോൾ വെള്ളക്കെട്ടാണ്.

സിആർപിഎഫിൽ ഡപ്യൂട്ടി കമാൻ്റൻഡ് ആയ നിഷയാകട്ടെ എന്തു ചെയ്യണമെന്നറിയാതെ കുഴയുകയാണ്. കേന്ദ്രസേനയിൽ ജോലി ചെയ്യുന്ന ഇവർക്ക് ആകെ കിട്ടുന്ന അവധി 30 ദിവസമാണ്. 28 ദിവസം ഹോം ക്വാറൻ്റീൻ. ശേഷിക്കുന്ന രണ്ടു ദിവസം ഓഫീസുകൾ കയറി ഇറങ്ങിയാലും പ്രശ്നം പരിഹരിക്കപ്പെടുമെന്ന ഉറപ്പില്ല.

മലിനജലമൊഴുക്കുന്നതിനെതിരെ പരാതിയുമായി കയറി ഇറങ്ങാത്ത ഓഫീസുകളില്ല. മുട്ടാത്ത വാതിലുകളുമില്ല. അയൽവാസിയുടെ രാഷ്ട്രീയ പിടിപാടുകൾക്ക് മുമ്പിൽ പരാതികൾ ചവറ്റുകുട്ടയിൽ വീഴുകയാണ് പതിവ്. പഞ്ചായത്ത് അധികൃതർക്ക് വേണ്ടപ്പെട്ട ആളാണ് എതിർകക്ഷിയെന്ന് അയൽവാസികൾ പറയുന്നു. ഇയാളോട് തർക്കത്തിന് പോകാൻ എല്ലാവർക്കും ഭയമാണ്. നേരത്തേ സമാനമായ രീതിയിൽ പലരുമായും ഇയാൾ തർക്കത്തിന് പേയിട്ടുണ്ട്.

ഇയാളുടെ വീട്ടിലെ മലിനജലം കിണറിന് സമീപത്തുകൂടി ഒഴുകുന്നതിനാൽ കുടിവെള്ളത്തിലും മാലിന്യമാണ്. പഞ്ചായത്ത് സെക്രട്ടറിയും ഹെൽത്ത് ഇൻസ്പെകടറും പലകുറി പരിശോധനക്ക് വന്നിരുന്നു. അയൽവാസിക്ക് എതിരെ റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. എന്നാൽ നടപടി എടുക്കാൻ പഞ്ചായത്ത് ഭരിക്കുന്നവർ സമ്മതിക്കില്ലെന്നതാണ് വാസ്തവം.

മലിനജലം ഒഴുക്കരുതെന്ന് ആവശ്യപ്പെട്ട ഉദ്യോഗസ്ഥരോട് മലിന ജലം തലയിൽ ചുമന്ന് കൊണ്ടു പോകാനായിരുന്നു മറുപടി. ഇല്ലെങ്കിൽ റോഡിന് നടുവിൽ മാലിന്യ ടാങ്ക് നിർമിച്ച് തരണമെന്നും ആവശ്യം ഉന്നയിച്ചു.

ഭരിക്കുന്നവർക്ക് പാർട്ടി ഫണ്ടായി വൻ തുക സംഭാവന നൽകിയാണ് ഇയാൾ പഞ്ചായത്ത് അധികൃതരെ സ്വധീനിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.

പഞ്ചായത്ത് സെക്രട്ടറിയും ആരോഗ്യവകുപ്പ് അധികൃതരും മൂവാറ്റുപുഴ ആർ.ഡി.ഒയ്ക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.