എം ശിവശങ്കറിന് ദൗർബല്യമുണ്ടായി; അപകടകാരിയെന്ന് അറിഞ്ഞില്ല; എ വിജയരാഘവൻ

തിരുവനന്തപുരം: മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം ശിവശങ്കറിന് ദൗർബല്യമുണ്ടായെന്നും അദ്ദേഹം അപകടകാരിയെന്ന് അറിഞ്ഞില്ലെന്നും എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിന് തകരാർ സംഭവിച്ചു. ഇതോടെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്തെന്നും വിജയരാഘവൻ പറഞ്ഞു.

അതേസമയം, ശിവശങ്കറും സ്വപ്‍നയും മൂന്ന് തവണ വിദേശയാത്ര നടത്തിയെന്ന്‌ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പറയുന്നു. 2017 ഏപ്രിലിലാണ് സ്വപ്‍നയും ശിവശങ്കറും ആദ്യം ഒരുമിച്ച് യുഎഇ യിലക്ക് പോയത്. പിന്നീട് 2018 ഏപ്രിലിൽ സ്വപ്ന ഒമാനിലേക്ക് പോയി. അവിടെ വെച്ച് ശിവശങ്കറെ കണ്ടു. ഇരുവരും ഒരുമിച്ചാണ് അന്ന് മടങ്ങിയത്. 2018 ഒക്ടോബറിൽ പ്രളയ ദുരിതാശ്വാസ ഫണ്ട് രൂപീകരിക്കാനുള്ള മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശന വേളയിലായിരുന്നു ഇരുവരും ഒരുമിച്ചുള്ള മൂന്നാമത്തെ യാത്രയെന്നും റിപ്പോർട്ടിൽ പായുന്നു.

പ്രതികളുടെ റിമാൻറ് കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ നൽകിയ റിപ്പോട്ടിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. എന്നാൽ എന്തുമായി ബന്ധപ്പെട്ടാണ് ഈ യാത്രകൾ നടത്തിയതെന്ന് റിപ്പോർട്ടിലില്ല. സ്വപ്ന, സന്ദീപ് ,സരിത് എന്നിവരെ ഈ മാസം 26 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.