പത്തനംതിട്ട: ജില്ലയിലെ അയിരൂർ പൊലീസ് സ്റ്റേഷനിലെ 15 പൊലീസുകാർക്ക് കൊറോണ സ്ഥിരീകരിച്ചു. കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രോഗം ബാധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണത്തിലെ വര്‍ദ്ധനവ് ആശങ്ക ഉയര്‍ത്തുന്നുണ്ട്.
കൻ്റോൺമെന്റ് അസി. കമ്മീഷണർ ഓഫീസിലെ 8 പൊലീസുകാർക്കും രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 1600 മുകളിലാണ് ഈ ദിവസങ്ങളില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. മലപ്പുറം പൂക്കോട്ടൂർ സ്വദേശി ഇല്യാസ് (47 ) മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊറോണ ബാധിച്ച് മരിച്ചു. എറണാകുളത്ത് കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി മരിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ തായ്‌ക്കാട്ടുകാര സദാനന്ദൻ(57), മൂത്തകുന്നം കോട്ടുവള്ളിക്കാട് തറയിൽ വൃന്ദ ജീവൻ (54) എന്നിവരാണ് മരിച്ചത്. സദാനന്ദന് ഹൃദ്രോഗവും രക്തസമ്മർദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. വൃന്ദ അർബുദബാധിതയായിരുന്നു. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എൻ ഐ വി ലാബിലേക്കയച്ചു.
കോഴിക്കോട് ജില്ലയിലാണ് മറ്റ് രണ്ട് കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തത്. വടകര റൂറൽ എസ്പി ഓഫീസ് ജീവനക്കാരനായ ബാലുശ്ശേരി സ്വദേശി ഷാഹിൻ ബാബുവും മാവൂർ സ്വദേശിയായ സുലുവുമാണ് കോഴിക്കോട് മരിച്ചത്. നാല് ദിവസം മുമ്പാണ് ഷാഹിൻ ബാബുവിന് കൊറോണ സ്ഥിരീകരിച്ചത്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. സുലു അർബുദ രോഗിയായിരുന്നു.