ചെന്നൈ: കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിൽസയിൽ കഴിയുന്ന പ്രശസ്ത ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിൻ്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി. എസ്പി സ്ഥിരത വീണ്ടെടുത്തതായി അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാർ അറിയിച്ചതായി മകൻ എസ്പി ചരൺ പുറത്തുവിട്ട വീഡിയോയിൽ പങ്കുവച്ചു.
വെൻറിലേറ്ററിലാണെങ്കിലും എസ്‌പി സുഖം പ്രാപിക്കുമെന്ന് ഡോക്ടർമാർ ആത്മവിശ്വാസം പ്രകടിപ്പിച്ചതായി ചരൺ പറഞ്ഞു.
വീഡിയോയിൽ ചരൺ ഇങ്ങനെ പങ്കുവയ്ക്കുന്നു.
“ഡാഡിയെ ഐസിയുവിൽ നിന്ന് ആറാം നിലയിലെ പ്രത്യേക ഐസിയുവിലേക്ക് മാറ്റി. എന്നാൽ ആരോഗ്യനിലയിൽ പുരോഗതിയുണ്ട് എന്നതാണ് സന്തോഷകരമായ വാർത്ത. അദ്ദേഹം ഇപ്പോഴും ജീവിത പിന്തുണയിലാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പുള്ളതിനേക്കാൾ അല്പം കൂടുതൽ ആശ്വാസമുണ്ട്. ഡോക്ടർമാർ ഇത് വളരെ നല്ലൊരു അടയാളമായി കാണുന്നു. നില മെച്ചപ്പെടാനുള്ള വഴിയിലാണ് അദ്ദേഹം. മെഡിക്കൽ ടീം നിന്നും ധാരാളം പരിശ്രമങ്ങൾ നടത്തുന്നുണ്ട്. സുഖം പ്രാപിക്കാൻ വളരെയധികം സമയമെടുക്കും.പക്ഷെ, നാമെല്ലാവരും പ്രത്യാശയുള്ളവരാണ്. ഇത് ഒന്നോ രണ്ടോ ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്നില്ല, ഒരുപക്ഷേ ഒരാഴ്ച വേണ്ടി വരും. അദ്ദേഹം തീർച്ചയായും സുഖം പ്രാപിച്ച് ഞങ്ങളെ സമീപിക്കും. ഞങ്ങൾ സന്തുഷ്ടരാണ്, ഡോക്ടർമാരും അതുപോലെ തന്നെ. അദ്ദേഹം നന്നായി കാണപ്പെടുന്നു. ആളുകളെ തിരിച്ചറിയാൻ അദ്ദേഹത്തിന് കഴിയും.ഏറെനേരം സംസാരിക്കില്ല. പക്ഷേ, ഉടൻ ആ നിലയിലെത്തും. “
“നമുക്ക് എല്ലാവർക്കും പ്രാർത്ഥിച്ചുകൊണ്ടിരിക്കാം. നിങ്ങളുടെ സ്നേഹത്തിനും വാത്സല്യത്തിനും പ്രാർത്ഥനയ്ക്കും എന്റെ കുടുംബം കടപ്പെട്ടിരിക്കുന്നു.” വീഡിയോയുടെ അവസാനത്തിൽ, ചരൺ തന്റെ അമ്മ സാവിത്രിയും കൊറോണയിൽ നിന്ന് സുഖം പ്രാപിക്കുന്നതായി അറിയിച്ചിട്ടുണ്ട്.
ഓഗസ്റ്റ് അഞ്ചിനാണ് എസ്‌പി ബാലസുബ്രഹ്മണ്യം എംജിഎം ഹെൽത്ത് കെയർ ഹോസ്പിറ്റലിൽ കൊറോണ പോസിറ്റീവ് ആയതിനെ തുടർന്ന് പ്രവേശിക്കപ്പെട്ടത്. ഇക്കാര്യം പങ്കുവച്ച് അദ്ദേഹം ഒരു വീഡിഡിയോ പുറത്തിറക്കിയിരുന്നു.
എന്നാൽ ഓഗസ്റ്റ് 13 ന് രാത്രി അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായി. ശ്വാസതടസ്സം നേരിടുന്ന അദ്ദേഹത്തെ തുടർന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.എന്നാൽ എസ്പി ബാലസുബ്രഹ്മണ്യം ഇന്നലെ മുതൽ പുരോഗതി കാണിക്കുന്നതായാണ് റിപ്പോർട്ട്. എ ആർ റഹ്മാൻ, കമൽ ഹാസൻ, ഇളയരാജ തുടങ്ങിയ പ്രശസ്തർ ഉൾപ്പെടെയുള്ളവർ എസ്പി വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നതായി സന്ദേശങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്.