ഹൈദരാബാദ്: തുടര്‍ച്ചയായ മൂന്ന് ദിവസം പെയ്ത കനത്തമഴയില്‍ ഹൈദരാബാദിന്റെ വിവിധ ഭാഗങ്ങള്‍ വെളളത്തിന്റെ അടിയിലായി. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ആവശ്യപ്പെട്ടു.
കനത്തമഴയില്‍ ഹൈദരാബാദ് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിന്റെ അടിയിലാണ്. ഹൈദരാബാദിനോട് ചേര്‍ന്നുളള ഗ്രാമങ്ങളും വെളളപ്പൊക്ക ഭീഷണി നേരിടുകയാണ്. ചെറിയ അരുവികളും തോടുകളും കരകവിഞ്ഞ് ഒഴുകുകയാണ്.
ജയശങ്കര്‍ ഭൂപാല്‍പളളി ജില്ലയില്‍ വെളളപ്പൊക്കത്തില്‍ കുടുങ്ങിയ 10 കര്‍ഷകരെ ഹെലികോപ്റ്ററിന്റെ സഹായത്തോടെ ദേശീയ ദുരന്തനിവാരണ സേനയുടെ പ്രവര്‍ത്തകര്‍ രക്ഷിച്ചു. സിദ്ധിപേട്ടില്‍ ഒരു ട്രക്ക് ഒലിച്ചുപോയി. ക്ലീനര്‍ രക്ഷപ്പെട്ടു. ഡ്രൈവര്‍ വെളളത്തില്‍ മുങ്ങിപ്പോയി.
ഹൈദരാബാദില്‍ രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്നതിന് രണ്ട് ഹെലികോപ്റ്ററുകള്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. വാറങ്കല്‍, കരിംനഗര്‍ എന്നിവിടങ്ങളില്‍ വെളളപ്പൊക്ക ഭീഷണിയുളളതായി മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.