Home Local News വ്യാജവാര്‍ത്ത ചാനലിലൂടെ പ്രചരിപ്പിച്ച ശ്രീകണ്ഠന്‍ നായരെയും ഡോ. ഷിനു ശ്യാമളനെയും അറസ്റ്റ് ചെയ്ത് വിട്ടയച്ചു

വ്യാജവാര്‍ത്ത ചാനലിലൂടെ പ്രചരിപ്പിച്ച ശ്രീകണ്ഠന്‍ നായരെയും ഡോ. ഷിനു ശ്യാമളനെയും അറസ്റ്റ് ചെയ്ത് വിട്ടയച്ചു

0

തൃശൂര്‍: വ്യാജവാര്‍ത്ത ചാനലിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ 24 ന്യൂസ് എംഡി ശ്രീകണ്ഠന്‍ നായരെയും ഡോക്ടര്‍ ഷിനു ശ്യാമളനെയും അറസ്റ്റ് ചെയ്തു. തളിക്കുളത്തെ ഒരു സ്വകാര്യ ക്ലിനിക്കല്‍ ചികിത്സക്ക് എത്തിയ പ്രവാസിയ്ക്ക് കൊറോണ ബാധിച്ചെന്ന് വ്യാജവാര്‍ത്ത ചാനലിലൂടെ സംപ്രേക്ഷണം ചെയ്തതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഹൈക്കോടതി ഇരുവര്‍ക്കും മുന്‍കൂര്‍ജാമ്യം അനുവദിച്ചതിനാല്‍ നടപടികള്‍ പൂര്‍ത്തിയാക്കി വിട്ടയച്ചു.

ഹൈക്കോടതി നിര്‍ദേശപ്രകാരം ഇന്നലെയാണ് ഇരുവരും വാടാനപ്പള്ളി പോലീസ് സ്റ്റേഷനില്‍ ഹാജരായത്. ഐ.പി.സി സെക്ഷന്‍ 505(1) (ബി), കേരള പോലീസ് ആക്ടിലെ സെക്ഷന്‍ 120(0) എന്നിവ പ്രകാരമാണ് ശ്രീകണ്ഠന്‍ നായര്‍ക്കും ഡോ.ഷിനു ശ്യാമളനുമെതിരെ കേസെടുത്തത്.

അവിടെയുമിവിടെയും കേട്ടതും ഗോസിപ്പുകളും പ്രചരിപ്പിക്കുകയല്ല മാധ്യമപ്രവര്‍ത്തകരുടെ പണിയെന്ന് ഒര്‍മിപ്പിച്ച് നേരത്തെ ശ്രീകണ്ഠന്‍ നായര്‍ക്ക് ഹൈക്കോടതി താക്കീത് ചെയ്തിരുന്നു. ഏത് മാധ്യമത്തിലായാലും വാര്‍ത്ത കൊടുത്തുകഴിഞ്ഞാല്‍ പിന്നെ അത് തിരിച്ചെടുക്കാനാവില്ലന്നും ഓര്‍മ്മിപ്പിച്ചു. വ്യാജവാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യംതേടി ശ്രീകണ്ഠന്‍ നായര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഗോസിപ്പുകള്‍ അടക്കം എന്തും പ്രസിദ്ധീകരിക്കുന്നതല്ല മാധ്യമപ്രവര്‍ത്തനം. സത്യം പറയലാണ് മാധ്യമപ്രവര്‍ത്തകരുടെ ജോലി. അത് ഒരു വ്യക്തിയുടേയോ ഒരു വിഭാഗം ജനങ്ങളുടേയോ പ്രതിച്ഛായയെ മോശമാക്കാന്‍ കരുതിക്കൂട്ടി ചെയ്യരുത്. ശ്രീകണ്ഠന്‍ നായര്‍ ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ്.

അദേഹം വഴികാട്ടുകയാണ് ചെയ്യുന്നത്. അല്ലാതെ വ്യാജവാര്‍ത്തകളും ഗോസിപ്പുകളുമല്ല പ്രചരിപ്പിക്കേണ്ടതെന്ന് ജാമ്യം നല്‍കുന്നതിനിടെ ഹൈക്കോടതി പറഞ്ഞിരുന്നു. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് കേരളത്തില്‍ ആദ്യമായാണ് ഒരു ചാനല്‍ എംഡി അറസ്റ്റിലാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here