തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശന അപേക്ഷ സമർപ്പണം ഓഗസ്റ്റ് 14ൽ നിന്ന് 20 വരെ നീട്ടി. പ്രവേശന ഷെഡ്യൂളിലും മാറ്റം വരുത്തിയിട്ടുണ്ട്. സെപ്റ്റംബർ ഏഴിനാണ് ഒന്നാം അലോട്ട്മെന്റ്. ട്രയൽ അലോട്ട്മെൻറ് 24 ലേക്ക് നീട്ടിയിട്ടുണ്ട്. സെപ്റ്റംബർ 29ന് മുഖ്യ അലോട്ട്മെൻറ് അവസാനിക്കും.
സപ്ലിമെൻററി അലോട്ട്മെൻറ് ഒക്ടോബർ മൂന്നുമുതൽ 23 വരെയായിരിക്കും. ഒക്ടോബർ 23ന് പ്രവേശനം അവസാനിപ്പിക്കും. മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് (ഇ.ഡബ്ല്യു.എസ്) പത്ത് ശതമാനം സംവരണം ഏർപ്പെടുത്തി സർക്കാർ ഉത്തരവ് ഇറങ്ങിയ സാഹചര്യത്തിലാണ് തീയതി ദീർഘിപ്പിക്കാനുള്ള തീരുമാനം.
പുതിയ സംവരണത്തിനനുസൃതമായി പ്രവേശന പ്രോസ്പെക്ടസിലും ഭേദഗതി വരുത്തി. പ്രോസ്പെക്ടസിന്റെ അനുബന്ധം ഒന്ന് മാതൃകയിലുള്ള സർട്ടിഫിക്കറ്റ് അല്ലെങ്കിൽ അനുബന്ധം രണ്ട് മാതൃകയിലുള്ള ഇൻകം ആൻഡ് അസറ്റ്സ് സർട്ടിഫിക്കറ്റ് വില്ലേജ് ഓഫിസുകളിൽനിന്ന് നേടുന്നവർക്കാകും സംവരണ അർഹത.
പ്രവേശന പോർട്ടലിൽ Apply Online -SWS എന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിച്ചശേഷം കാൻഡിഡേറ്റ് ലോഗിൻ ക്രിയേറ്റ് ചെയ്തശേഷം അതിലെ Economically Weaker Section Details Entry എന്ന ലിങ്കിലൂടെ ഇ.ഡബ്ല്യു.എസ് സംവരണവിവരങ്ങൾ സമർപ്പിക്കാം.
വിശദനിർദേശങ്ങൾ www.hscap.kerala.gov.in ൽ ലഭ്യമാണ്. മുന്നാക്ക വിഭാഗങ്ങളിൽനിന്ന് അപേക്ഷകരില്ലെങ്കിൽ അവശേഷിക്കുന്ന ഇ.ഡബ്ല്യു.എസ് സീറ്റുകൾ മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെൻറിൽ പൊതുമെറിറ്റ് സീറ്റുകളാക്കി മാറ്റി പ്രവേശനം നടത്തും. ബുധനാഴ്ച വൈകുന്നേരം വരെ 4,66,118 പേർ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചു.